മുസ്ലിം ലീഗിലെ ഒരു വിഭാഗം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടതുപക്ഷത്തേക്ക് നോട്ടമുണ്ടെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍. മുസ്ലിം ലീഗില്‍ പിളര്‍പ്പുണ്ടായാല്‍ അത് യുഡിഎഫിനെ സാരമായി ബാധിക്കുമെന്നാണ് കോണ്‍ഗ്രസിലെ പ്രധാന നേതാക്കളുടെ അഭിപ്രായം. ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധതയ്‌ക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതില്‍ യുഡിഎഫ് വന്‍ പരാജയമാണെന്നും ഇടതുപക്ഷത്തു നിന്നാണ് സംഘപരിവാര്‍ വിരുദ്ധ പോരാട്ടങ്ങള്‍ ഉണ്ടാകുന്നതെന്നുമാണ് മുസ്ലിം ലീഗിലെ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും പറയുന്നത്.
മുസ്ലിം ലീഗില്‍ നിന്ന് പ്രധാന നേതാക്കളേയും പ്രവര്‍ത്തകരേയും തങ്ങളുടെ പാളയത്തില്‍ എത്തിക്കാന്‍ എല്‍ഡിഎഫ് ലക്ഷ്യമിടുന്നുണ്ട്. കോണ്‍ഗ്രസ്-മുസ്ലിം ലീഗ് അകല്‍ച്ച പരമാവധി മുതലെടുക്കണമെന്നാണ് എല്‍ഡിഎഫ് തന്ത്രം. സംഘപരിവാറിനെതിരായ പോരാട്ടങ്ങളില്‍ തങ്ങള്‍ക്കൊപ്പം യോജിക്കാന്‍ മുസ്ലിം ലീഗിലെ വലിയൊരു വിഭാഗം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും താല്‍പര്യമുണ്ടെന്ന് എല്‍ഡിഎഫ് നേതൃത്വം വിലയിരുത്തുന്നു. ലീഗിനെ മുഴുവനായി തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാന്‍ എല്‍ഡിഎഫ് ലക്ഷ്യമിടുന്നില്ല. മറിച്ച് യുഡിഎഫില്‍ അസംതൃപ്തരായ ലീഗ് നേതാക്കളെയും പ്രവര്‍ത്തകരെയുമാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്.
അതേസമയം ലീഗിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളുമായും ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയുമായും ചര്‍ച്ച നടത്തും. ലീഗിന് അര്‍ഹിക്കുന്ന പ്രാതിനിധ്യം നല്‍കി മുന്നോട്ടു പോകാമെന്ന് സതീശന്‍ ലീഗ് നേതൃത്വത്തെ അറിയിക്കും. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തും.