2014 ലും 2019 ലും മികച്ച വിജയമാണ് പ്രേമചന്ദ്രന്‍ നേടിയത്. ഇത്തവണയും തികഞ്ഞ ജയപ്രതീക്ഷയിലാണ് ആര്‍.എസ്.പിയും യുഡിഎഫും. 2014 ല്‍ 37,649 വോട്ടുകളുടെ ഭൂരിപക്ഷമാണ് പ്രേമചന്ദ്രനു ഉണ്ടായിരുന്നത്. സിപിഎമ്മിന്റെ എം.എ.ബേബിയായിരുന്നു രണ്ടാം സ്ഥാനത്ത്. 2019 ലേക്ക് എത്തിയപ്പോള്‍ ശബരിമല എഫക്ടും രാഹുല്‍ ഗാന്ധിയുടെ വരവും കൂടിയായപ്പോള്‍ ഭൂരിപക്ഷം 1,48,869 ആയി. സിപിഎമ്മിനായി കെ.എന്‍.ബാലഗോപാല്‍ ആയിരുന്നു മത്സരരംഗത്ത്. 2019 ലെ പോലെ ഒരു ലക്ഷത്തില്‍ കൂടുതല്‍ ഭൂരിപക്ഷം ഇത്തവണ ലഭിക്കില്ലെങ്കിലും ജയം സുനിശ്ചിതമെന്നാണ് യുഡിഎഫ് ക്യാംപിന്റെ പ്രാരംഭ വിലയിരുത്തല്‍.
അതേസമയം എല്‍ഡിഎഫ് ക്യാംപും തികഞ്ഞ ആത്മവിശ്വാസത്തില്‍ ആണ്. കൊല്ലം മണ്ഡലത്തില്‍ സുപരിചിതനാണ് നടന്‍ മുകേഷ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുകേഷിനെതിരെ യുഡിഎഫ് ക്യാംപ് ശക്തമായ പ്രചരണങ്ങള്‍ നടത്തിയിരുന്നു. എന്നിട്ടും 2,072 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മുകേഷ് ജയിച്ചു കയറി. ഇത്തവണ പ്രേമചന്ദ്രന് ഭീഷണി ഉയര്‍ത്താന്‍ മുകേഷിനു സാധിക്കുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സ്വകാര്യ വിരുന്നില്‍ പ്രേമചന്ദ്രന്‍ പങ്കെടുത്തതും സമീപകാലത്തായി നടത്തിയ മോദി അനുകൂല പരാമര്‍ശങ്ങളും എല്‍ഡിഎഫ് പ്രചരണ ആയുധമാക്കിയിട്ടുണ്ട്. വോട്ട് ലഭിക്കാന്‍ വേണ്ടി ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് പ്രേമചന്ദ്രനെന്ന ആക്ഷേപവും മണ്ഡലത്തില്‍ ഉയര്‍ന്നിട്ടുണ്ട്. ഇതെല്ലാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയാകുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്. തികഞ്ഞ ജയപ്രതീക്ഷയാണ് തനിക്ക് കൊല്ലത്ത് ഉള്ളതെന്ന് മുകേഷും പ്രതികരിച്ചു.