രാഹുലിന്റെ ഇരട്ട സ്ഥാനാർത്ഥിത്വത്തിൽ അമേഠിക്കൊപ്പം വയനാടും ശ്രദ്ധാ കേന്ദ്രമാവുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരട്ട മണ്ഡലങ്ങളിൽ മത്സരിച്ച് വിജയം നേടിയ പ്രമുഖരുമുണ്ട്. 1996ലെ ജനപ്രാധിനിതി നിയമം ഭേദഗതി ചെയ്യും മുൻപ് ഒരാൾക്ക് എത്ര മണ്ഡലങ്ങളിൽ വേണമെങ്കിലും മത്സരിക്കാമായുരുന്നു. നിലവിൽ ഈ നിയമം അനുസരിച്ച് ഒരാൾക്ക് രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കാം. എന്നാൽ വിജയിച്ചാൽ ഒരു മണ്ഡലം മാത്രമേ പ്രതിനിധാനം ചെയ്യാൻ സാധിക്കൂ.
അഖില ഭാരത ഹിന്ദു മഹാസഭാ സെക്രട്ടറിയായിരുന്ന വീ ജി ദേശ്പാണ്ഡെയാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ ആദ്യ ഇരട്ട വിജയം നേടിയത്. 52 ലെ തെരഞ്ഞെടുപ്പിൽ ആന്ധ്രയിലെ ഗ്വാളിയാറും ഗുണയും അദ്ദേഹം നേടി. തുടർന്ന് ഗുണയിൽ അദ്ദേഹം എംപിയായി തുടരുകയായിരുന്നു. രണ്ടു മണ്ഡലങ്ങളിൽ നിന്നും വിജയിച്ച ആദ്യ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായിരുന്നു. 1980ൽ നടന്ന തെരഞ്ഞെടുപ്പിൽ റായ്ബറേലിയിലും ആന്ധ്രയിലെ മേടക്കിലും ഇന്ദിര വൻഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സ്വന്തം മണ്ഡലമായ റായ്ബറേലി കൈവിട്ട് ഇന്ദിര നിലനിർത്തിയത് മേടക്കും.
ഇന്ദിരയുടെ മരണ ശേഷം 99ൽ നടന്ന തെരഞ്ഞെടുപ്പിൽ ആദ്യ പോരാട്ടത്തിനായി സോണിയ ഇറങ്ങി. അമേഠിക്കൊപ്പം സോണിയ തെരഞ്ഞെടുത്തത് കർണ്ണാടകയിലെ ബെല്ലാരി മണ്ഡലം. സോണിയക്കെതിരെ ബിജെപി പുറത്തിറക്കിയത് സുഷമാ സ്വരാജിനെയായിരുന്നു. എന്നാൽ അൻപത്തിയാറായിൽ പരം വോട്ടുകൾക്ക് സോണിയ ജയിച്ചു കയറി. എന്നാൽ സോണിയ നിലനിർത്തിയത് അമേഠിയും. 96ൽ മുൻ പ്രധാനമന്ത്രി പിവി നരസിംഹ റാവു നന്ദയാലിൽ നിന്നും ബെഹ്രാംപൂരിൽ നിന്നും ജയിച്ചു.
എ ബി വാജ്പേയാകട്ടെ, 96ൽ തന്നെ ലക്നൗവിൽ നിന്നും ഗാന്ധി നഗറിൽ നിന്നുമാണ് ജയം കണ്ടത്. 99ൽ മുലായം സിങ് യാദവും രണ്ടു മണ്ഡലങ്ങളിൽ നിന്നും വിജയിച്ചു. ഉത്തർപ്രദേശിലെ സംഫാലും കനൗജിൽ നിന്നും. പ്രധാനമന്ത്രി നരേന്ദ്രമോദി 2014ൽ ജയിച്ചതും ഇരട്ട മണ്ഡലങ്ങളിൽ നിന്നു തന്നെ. വഡോദരയിൽ നിന്നും വാരണാസിയിൽ നിന്നും. പിന്നീട് വഡോദര ഒഴിവാക്കി വാരണാസിയിൽ എംപിയായി തുടരുകയായിരുന്നു.