ഒരവസരം കൂടി തരണം, എല്ലാ ജോലികളും പൂര്‍ത്തിയായിട്ടില്ല: നരേന്ദ്രമോദി

ചൊവ്വ, 2 ഏപ്രില്‍ 2019 (20:38 IST)
എല്ലാ ജോലികളും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നും അതിനാല്‍ ഒരു അവസരം കൂടി തരണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബീഹാറില്‍ ബി ജെ പിയുടെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 
 
കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ രാജ്യത്തിന്റെ വികസനം പിന്നാക്കമാണ് സഞ്ചരിച്ചത്. അഴിമതിയും കള്ളപ്പണവും ഭീകരതയും വിലക്കയറ്റവും അക്രമവുമെല്ലാം കോണ്‍ഗ്രസ് കാലഘട്ടത്തില്‍ വര്‍ദ്ധിക്കുകയാണ് ഉണ്ടായത് - നരേന്ദ്രമോദി പറഞ്ഞു. 
 
വാഗ്ദാനങ്ങള്‍ പൂര്‍ണമായി നിറവേറ്റാന്‍ ഒരു തവണ കൂടി അവസരം നല്‍കണം. എല്ലാ ജോലികളും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്ന് അവകാശപ്പെടില്ല. 70 വര്‍ഷത്തെ ഭരണത്തിന് ശേഷം അവര്‍ക്ക്(കോണ്‍ഗ്രസ്) അങ്ങനെ പറയാന്‍ സാധിച്ചില്ലെങ്കില്‍ അഞ്ച് വര്‍ഷത്തിനു ശേഷം ഞാന്‍ എങ്ങനെ അത് പറയും - മോദി ചോദിച്ചു.
 
ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. അതെല്ലാം ചെയ്യാനുള്ള സാമര്‍ഥ്യവുണ്ട്. എന്നാല്‍ അതിന് തുടര്‍ച്ചയായ ശ്രമം അനിവാര്യമാണ്. അതിനുവേണ്ടി അനുഗ്രഹിക്കണം - പ്രധാനമന്ത്രി പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍