അടിമാലി: വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച സംഭവത്തിന് കാരണം വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്ന് വിലയിരുത്തിയിട്ടില്ലെന്ന് റിപോര്‍ട്ട്. വൈദ്യുതി പരിശോധനാ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെങ്കില്‍ വീട് പൂര്‍ണ്ണമായും കത്തിയമരില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇടുക്കിയിലെ അടിമാലിക്കടുത്ത് കൊമ്പൊടിഞ്ഞാലിനടുത്തുള്ള വീട്ടിലാണ് തീപിടുത്തമുണ്ടായത്. അടിമാലിയിലെ പരേതനായ അനീഷിന്റെ ഭാര്യ ശുഭ (37), മക്കളായ അഭിനന്ദ് (9), അഭിനവ് (5), ശുഭയുടെ അമ്മ പൊന്നമ്മ (70) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തീപിടുത്തമുണ്ടായത്. വീടിനടുത്ത് മറ്റ് വീടുകളൊന്നുമില്ലാത്തതിനാല്‍ സംഭവം പുറംലോകം അറിഞ്ഞിരുന്നില്ല. വൈകുന്നേരം അതുവഴി പോയ നാട്ടുകാരില്‍ ഒരാളാണ് കത്തിനശിച്ച വീട് കണ്ടത്. തുടര്‍ന്ന് വെള്ളത്തൂവല്‍ പോലീസ് നടത്തിയ തിരച്ചിലില്‍ ആദ്യം ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തി. രാത്രി വൈകി നടത്തിയ തിരച്ചിലില്‍ മറ്റുള്ളവരുടെ മൃതദേഹങ്ങളും കണ്ടെത്തി.
രണ്ട് വര്‍ഷം മുമ്പ് അനീഷ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. വീട്ടിലെ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടുത്തത്തിന് കാരണമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. ഫോറന്‍സിക് സംഘം വീട്ടില്‍ നടത്തിയ പരിശോധനയുടെ ഫലം പുറത്തുവന്നതിനുശേഷം മാത്രമേ അപകടത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കൂ എന്ന് പോലീസ് പറഞ്ഞു. മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ക്കായി കാത്തിരിക്കുന്നു. ഡിഎന്‍എ പരിശോധന ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധനകള്‍ വരും ദിവസങ്ങളില്‍ പൂര്‍ത്തിയാകുമെന്നും പോലീസ് അറിയിച്ചു.