തിരുവനന്തപുരത്ത് നിന്ന് വി.എസിന്റെ ഭൗതികദേഹവുമായുള്ള വിലാപയാത്ര ആലപ്പുഴയിലേക്ക് പുറപ്പെട്ടു. കൊല്ലം വഴി ദേശീയപാതയിലൂടെയാണ് വിലാപയാത്ര കടന്നുപോകുക. ഇതിനിടയിലുള്ള വിവിധ കേന്ദ്രങ്ങളില്‍ പൊതു ദര്‍ശനം. ഇന്നു രാത്രി ഒന്‍പതോടെ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കും. നാളെ രാവിലെ ഒന്‍പത് മുതല്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലും 10 മുതല്‍ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനം. ഉച്ചകഴിഞ്ഞ് മൂന്നിനു വലിയ ചുടുകാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം.
അതേസമയംനാളെ (2025 ജൂലൈ 23 ബുധനാഴ്ച) നടത്താനിരുന്ന പിഎസ്‌സി പരീക്ഷകള്‍ മാറ്റി വെച്ചു. പൊതുമരാമത്ത് / ജലസേചന വകുപ്പുകളിലെ സെക്കന്റ് ഗ്രേഡ് ഓവര്‍സിയര്‍ / ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍) (നേരിട്ടുള്ള നിയമനം -കാറ്റഗറി നമ്പര്‍ 8/2024), ജലസേചന വകുപ്പിലെ സെക്കന്റ് ഗ്രേഡ് ഓവര്‍സിയര്‍ / ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍- പട്ടിക വര്‍ഗ്ഗക്കാര്‍ക്കു മാത്രം - കാറ്റഗറി നമ്പര്‍ 293/2024), കേരള സംസ്ഥാന പട്ടിക ജാതി / പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷനിലെ ട്രേസര്‍, (നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പര്‍ - 736/2024) തസ്തികകളിലേക്കുള്ള പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേസമയം, നാളെ നടത്തുവാന്‍ നിശ്ചയിച്ചിട്ടുള്ള പി.എസ്.സി അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല.