VS Achuthanandan: ഓലപ്പുരയില്‍ അമ്മ കത്തിതീര്‍ന്നു, ജ്വരം പിടിച്ച് അച്ഛനും പോയി; അന്നുമുതല്‍ വിഎസ് 'ദൈവത്തോടു' കലഹിച്ചു

രേണുക വേണു

ചൊവ്വ, 22 ജൂലൈ 2025 (11:17 IST)
VS Achuthanandan: വി.എസ്.അച്യുതാനന്ദന്‍ എവിടെയും താനൊരു നിരീശ്വരവാദിയാണെന്നു പറഞ്ഞിട്ടില്ല. എന്നാല്‍ വി.എസ് ദൈവവിശ്വാസിയുമല്ല. മനുഷ്യന്റെ പ്രശ്‌നങ്ങള്‍ക്കു ഉത്തരം കാണാത്ത ദൈവങ്ങളെ എന്തിനു വിളിക്കണമെന്നാണ് വി.എസിന്റെ മറുചോദ്യം. 
 
ഈശ്വര വിശ്വാസിയായിരുന്ന വി.എസ് പൂര്‍ണമായും ആ വഴിയില്‍ നിന്ന് മാറിനടന്നത് കുട്ടിക്കാലത്താണ്. കൃത്യമായി പറഞ്ഞാല്‍ അച്ഛന്റെയും അമ്മയുടെയും മരണത്തിനു ശേഷം. വി.എസ് കുട്ടിയായിരിക്കെയാണ് അമ്മയ്ക്കു വസൂരി പിടിപെടുന്നത്. അന്നൊക്കെ വസൂരി വന്നാല്‍ രോഗിയെ ആളൊഴിഞ്ഞ സ്ഥലത്ത് ഓലപ്പുര കെട്ടി അതിനകത്താക്കും. രോഗം പടര്‍ന്നാലോ എന്ന പേടിയിലാണ് വസൂരി വന്നവരെ തനിച്ചാക്കുന്നത്. 
 
വസൂരി വന്ന് ഓലപ്പുരയില്‍ കഴിയുന്നവര്‍ക്ക് ആരെങ്കിലും ഭക്ഷണമോ വെള്ളമോ മരുന്നുകളോ കൊടുത്താലായി. വേദന കൊണ്ടുള്ള നിലവിളി അകലെ നിന്നു തന്നെ കേള്‍ക്കാം. രോഗി മരിച്ചാല്‍ പുരയടക്കം കത്തിച്ചുകളയുകയും ചെയ്യും. 
 
വസൂരി വന്നപ്പോള്‍ തന്റെ അമ്മയെ പാടത്തെ ഒരു പുരയിലാക്കിയെന്ന് വി.എസ് പറയുന്നു. അമ്മയെ കാണാന്‍ വാശി പിടിക്കുമ്പോള്‍ അച്ഛന്‍ പാടത്തെ വരമ്പത്ത് കൊണ്ടുപോയി നിര്‍ത്തും. ചെറ്റപ്പുര ചൂണ്ടിക്കാട്ടി അമ്മ അതിനകത്ത് ഉണ്ടെന്നു പറയും. ദൂരെ നിന്ന് നോക്കുന്നതിനാല്‍ പുര മാത്രമാണ് കാണുക. അമ്മ ഒരുപക്ഷേ ഓലപ്പഴുതിലൂടെ തങ്ങളെ കാണുന്നുണ്ടായിരിക്കും എന്നാണ് വി.എസ് പറയുന്നത്. 
 
അമ്മയുടെ അസുഖം മാറാന്‍ കരഞ്ഞു പ്രാര്‍ത്ഥിച്ചു. എന്നാല്‍ ഫലമുണ്ടായില്ല. അമ്മ മരിച്ച വിവരം പിന്നീടാണ് താന്‍ അറിയുന്നതെന്ന് വി.എസ് പറയുന്നു. അമ്മ നഷ്ടപ്പെട്ടതോടെ താനടക്കമുള്ള മക്കളെ നോക്കാനുള്ള ഭാരിച്ച ഉത്തരവാദിത്തം അച്ഛനിലായി. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അച്ഛനു ജ്വരം വന്നു കിടപ്പിലായി. അച്ഛനെയെങ്കിലും തിരികെ തരണേ എന്ന് കുട്ടിയായ വി.എസ് അപ്പോഴും പ്രാര്‍ത്ഥിച്ചു. അറിയാവുന്ന ദൈവങ്ങളെ മുഴുവന്‍ വിളിച്ചു പ്രാര്‍ത്ഥിച്ചിട്ടും കുട്ടികളായ തങ്ങളെ ഒറ്റക്കാക്കി അച്ഛനും പോയെന്ന് വി.എസ് പറഞ്ഞു. അന്നൊന്നും വിളി കേള്‍ക്കാത്ത ദൈവങ്ങളെ പിന്നീട് വിളിക്കേണ്ടെന്ന് തോന്നിയെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍