VS Achuthanandan: 'പ്രിയപ്പെട്ട തലസ്ഥാനമേ, വിട'; വി.എസ് പുന്നപ്ര-വയലാര്‍ സമരഭൂമിയിലേക്ക്, വഴികളില്‍ ജനസഞ്ചയം

രേണുക വേണു

ചൊവ്വ, 22 ജൂലൈ 2025 (14:54 IST)
VS Achuthanandan: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും സിപിഎം സ്ഥാപക നേതാവുമായ വി.എസ്.അച്യുതാനന്ദന്‍ തലസ്ഥാന നഗരിയോടു വിടചൊല്ലുന്നു. ഉച്ചയ്ക്കു രണ്ട് മണിയോടെ വി.എസിന്റെ ഭൗതികദേഹം ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനത്തിനു ശേഷം വിലാപയാത്രയ്ക്കായി പ്രത്യേകം ഒരുക്കിയ കെ.എസ്.ആര്‍.ടി.സി ബസില്‍ കയറ്റി. 
 
ദര്‍ബാര്‍ ഹാളില്‍ നിന്ന് വി.എസിന്റെ ഭൗതികദേഹം പുറത്തേക്കെടുക്കാന്‍ ഏറെ പണിപ്പെട്ടു. ആയിരകണക്കിനു ആളുകളാണ് വി.എസിനു അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ തലസ്ഥാനത്ത് തടിച്ചുകൂടിയിരിക്കുന്നത്. മൂന്ന് തവണ പ്രതിപക്ഷ നേതാവായും 2006 മുതല്‍ 2011 വരെ അഞ്ച് വര്‍ഷക്കാലം മുഖ്യമന്ത്രിയായും തലസ്ഥാന നഗരിയില്‍ രാഷ്ട്രീയം പറഞ്ഞ വി.എസ് ഇനി തിരുവനന്തപുരത്തേക്ക് മടങ്ങിവരില്ല..! നാടിന്റെ രാഷ്ട്രീയചക്രം തിരിക്കുന്ന തലസ്ഥാനനഗരി വി.എസിനു ആവേശപൂര്‍വ്വം യാത്രയയപ്പ് നല്‍കി. 
 
പുന്നപ്ര-വയലാര്‍ സമരഭൂമിയിലേക്കാണ് ഇനി വി.എസിന്റെ യാത്ര. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള വിലാപയാത്രയില്‍ വിവിധ കേന്ദ്രങ്ങളില്‍ ജനങ്ങള്‍ക്കു അന്തിമോപചാരം അര്‍പ്പിക്കാന്‍ സാധിക്കും. കൊല്ലം വഴി ദേശീയപാതയിലൂടെയാണ് വിലാപയാത്ര കടന്നുപോകുക. ഇതിനിടയിലുള്ള വിവിധ കേന്ദ്രങ്ങളില്‍ പൊതു ദര്‍ശനം. ഇന്നു രാത്രി ഒന്‍പതോടെ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കും. നാളെ രാവിലെ ഒന്‍പത് മുതല്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലും 10 മുതല്‍ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനം. ഉച്ചകഴിഞ്ഞ് മൂന്നിനു വലിയ ചുടുകാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍