മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ അഴിമതി കേസ്. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ അഴിമതി നടത്തിയെന്നാണ് വിജിലന്‍സ് എഫ്ഐആറില്‍ പറയുന്നത്.വിജിലന്‍സ് കമ്മീഷന്‍ കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു.
ഡ്രെഡ്ജര്‍ വാങ്ങിയതില്‍ അഴിമതി ഉണ്ടെന്നാണ് കേസ്. ഡ്രെഡ്ജര്‍ വാങ്ങാന്‍ എട്ട് കോടിയാണ് അനുവധിച്ചതെങ്കിലും 19 കോടിക്കാണ് ഡ്രെഡ്ജര്‍ വാങ്ങിയത് എന്ന് എഫ്ഐആറില്‍ പറയുന്നു. മുന്‍പ് വിജിലന്‍സും ഹൈക്കോടതിയും പരിശോധിച്ച് തള്ളിയ ആരോപണത്തിലാണ് പുതിയ കേസ്.ഡ്രെഡ്ജര്‍ വാങ്ങിയതില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ധനവകുപ്പ് പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ ജേക്കബ് തോമസിനെതിരേ അന്വേഷണത്തിന് അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന എസ് എം വിജയാനന്ദ് ശുപാര്‍ശ ചെയ്യുകയായിരുന്നു.ഇതില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരോട് സര്‍ക്കാര്‍ നിയമോപദേശവും തേടിയിരുന്നു.
2009 മുതല്‍ 2014 വരെ ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടര്‍ ആയിരിക്കെ കട്ടര്‍ സക്ഷന്‍ ഡ്രഡ്ജര്‍ വാങ്ങിയതില്‍ 14.96 കോടിയുടെ ക്രമക്കേട് ഉണ്ടായതായാണ് ധനകാര്യ പരിശോധനാവിഭാഗം കണ്ടെത്തിയത്. സര്‍ക്കാര്‍ അനുമതിക്കുശേഷം രേഖകളില്‍ മാറ്റം വരുത്തിയതായും ടെന്‍ഡര്‍ വിവരങ്ങള്‍ വിദേശ കമ്പനിക്ക് നേരത്തേ തന്നെ കൈമാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.2014-ല്‍ ഈ കാര്യം വിജിലന്‍സ് അന്വേഷിച്ച് ക്രമക്കേടില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ അന്വേഷണം നടക്കുമ്പോള്‍ ജേക്കബ് തോമസ് തന്നെയായിരുന്നു വിജിലന്‍സ് എഡിജിപി. ഐഎഎസ് സര്‍വീസ് നിയമാവലികള്‍ തെറ്റിച്ചതിന്റെ പേരില്‍ ജേക്കബ് തോമസ് ഇപ്പോള്‍ സസ്പെന്‍ഷനിലാണ്.