ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന് വോട്ട് ചോദിച്ച് മുൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ റോഡ് ഷോ. കുണ്ടമൺകടവിൽ നിന്ന് ആരംഭിച്ച റോഡ് ഷോ കാട്ടാക്കട നിയമസഭാ മണ്ഡലത്തിലാണ് പര്യടനം അവസാനിച്ചത്. ശബരിമലയിൽ പൊലീസുകാർ ഗുണ്ടകളെപ്പോലെയാണ് പെരുമാറിയതെന്ന് ശ്രീശാന്ത് പറഞ്ഞു.
പത്തനംതിട്ടയിലും തൃശ്ശൂരും മധ്യപ്രദേശിലെ ഇൻഡോറിലും പ്രചാരണത്തിന് ഇറങ്ങും. രാഹുൽ ഗാന്ധി വഴി തെറ്റിവന്നയാളാണെന്നും അദ്ദേഹം പറഞ്ഞു. നാലഞ്ചു വർഷം കൂടി ക്രിക്കറ്റ് കളിക്കാനാകുമെന്നു അടുത്ത രഞ്ജിട്രോഫി സീസണിൽ കേരളത്തിന് വേണ്ടി ഇറങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
കനത്തവെയിലും ചൂടും വകവയ്ക്കാതെയാണ് എസ് ശ്രീശാന്ത് പ്രചാരണത്തിന് ഇറങ്ങിയത്. കുണ്ടമൻകടവ് പാലത്തിന് സമീപത്ത് നിന്ന് തുടങ്ങിയ യാത്ര പേയാട്,മലയിൻകീഴ്, അന്തിയൂർകോണം വഴി കാട്ടാക്കടയിലേക്ക്. മൂന്ന് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ശ്രീശാന്ത് വീണ്ടും പ്രചാരണത്തിന് ഇറങ്ങിയത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയിൽ ചേർന്ന ശ്രീശാന്ത് തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുകയും ചെയ്തിരുന്നു.