ശബരിമലയില്‍ ആചാരലംഘനമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; പതിനെട്ടാം പടിയില്‍ ഇരുമുടിക്കെട്ടില്ലാതെ പുറംതിരിഞ്ഞു നിന്ന് ആര്‍എസ്‌എസ് നേതാവ് വത്സന്‍ തില്ലങ്കേരി

Webdunia
ചൊവ്വ, 6 നവം‌ബര്‍ 2018 (16:35 IST)
ശബരിമലയില്‍ ആചാരലംഘനം നടന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. യുവതികളെ കയറ്റി ആചാരം ലംഘിക്കുന്ന അവസ്ഥ ഉണ്ടാകുന്നത് തടയാന്‍ വേണ്ടി രംഗത്തിറങ്ങിയ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയ സംഭവത്തിലാണ് സന്നിധാനത്ത് ആചാരംലംഘനം നടന്നതായി ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയത്. 
 
കൂടാതെ പടിയില്‍ തിരിഞ്ഞു നിന്നതും ആചാരലംഘനമാണെന്ന് ബോര്‍ഡ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ദേവസ്വം ബോര്‍ഡംഗം കെ പി ശങ്കരദാസ് അറിയിച്ചിട്ടുണ്ട്. അതേസമയം, ആരോപണം അടിസ്ഥാനരഹിതമാണെന്നും പതിനെട്ടാം പടി കയറിയിട്ടില്ലെന്നും ഇക്കാര്യം സിസി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മനസിലാകുമെന്നും തില്ലങ്കേരി പ്രതികരിച്ചു.
 
നിലവില്‍ ശബരിമലയില്‍ ആചാരം സംരക്ഷിക്കാനായി നടത്തുന്ന പ്രതിഷേധങ്ങള്‍ പലതും ആചാര ലംഘനമാണെന്നും ബോര്‍ഡ് പറയുന്നു. 50 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് യാതൊരു തടസവുമില്ലാതെ ദര്‍ശനം നടത്താന്‍ സാധിക്കുന്ന ക്രമീകരണം മുമ്പ് ഉണ്ടായിരുന്നു, എന്നാൽ ഇപ്പോള്‍ പ്രതിഷേധക്കാര്‍ നിഷേധിക്കുകയാണ്.
 
ആചാരങ്ങള്‍ സംരക്ഷിക്കേണ്ടതാണ്. ആര്‍എസ്‌എസ് നേതാവിന്റെ ഇത്തരത്തിലുള്ള നടപടി സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും ദേവസ്വംബോര്‍ഡ് അംഗം കെ പി ശങ്കര്‍ ദാസ് പറഞ്ഞു. 50 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകളായ ഭക്തരെ തടയുന്നതും ആചാര ലംഘനമാണ്. ഇത് സന്നിധാനത്ത് നടക്കുന്നു. പ്രതിഷേധമെന്ന് പറഞ്ഞതാണ് ഭക്തരെ തടയുന്നതെന്നും ബോര്‍ഡ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article