കഴിഞ്ഞ ദിവസമാണ് മെയ് ഏഴിന് രാജ്യവ്യാപകമായി എല്ലാ സംസ്ഥാനങ്ങളും അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ ജനങ്ങളെ പാകപ്പെടുത്തുന്നതിനായി മോക്ഡ്രില്ലുകള്‍ സംഘടിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശ പ്രകാരം എയര്‍ റെയ്ഡ് സൈറണുകള്‍ മുഴക്കാനും ജനങ്ങളുടെ സുരക്ഷയ്ക്കായി പരിശീലനം നല്‍കാനും നിര്‍ദേശമുണ്ട്. അടിയന്തിര സാഹചര്യങ്ങളില്‍ അപകടസമയത്ത് നേരിടേണ്ട മുന്‍കരുതലുകള്‍ പരിശോധിക്കുക. അടിസ്ഥാന സൗകര്യങ്ങള്‍ സംരക്ഷിക്കുക. പെട്ടെന്ന് ഒഴിഞ്ഞുപോകേണ്ടതായ സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ അതിന് ജനങ്ങളെ സജ്ജരാക്കുക എന്നെല്ലാമാണ് മോക്ഡ്രില്ലിലൂടെ ഉദ്ദേശിക്കുന്നത്.
ആക്രമണം, അഗ്‌നിബാധ, പ്രകൃതി ദുരന്തം തുടങ്ങിയ സാഹചര്യങ്ങള്‍ നേരിടാന്‍ ജനങ്ങളെ തയ്യാറാക്കുന്ന ഒരു നടപടിയാണിത്. ഇത്തവണ ഇന്ത്യ- പാകിസ്ഥാന്‍ ബന്ധം വഷളായ സാഹചര്യത്തിലാണ് മോക്ഡ്രില്‍ സംഘടിപ്പിക്കുന്നത്. റിയല്‍-ടൈം സിമുലേഷന്‍ ഉപയോഗിച്ച് സാഹചര്യം സൃഷ്ടിച്ചുകൊണ്ടാകും മോക്ഡ്രില്ലുകള്‍ നടത്തുന്നത്. റെസ്‌പോണ്‍സ് സമയം, ആശയവിനിമയം, റിസോഴ്‌സ് മാനേജ്‌മെന്റ് എന്നിവയെല്ലാം പരിശോധിച്ച് ജനങ്ങളെ മാനസികമായി കൂടി തയ്യാറെടുപ്പിക്കാനാണ് ഇത് സംഘടിപ്പിക്കുന്നത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം മെയ് 7ന് നഗരം മുതല്‍ ഗ്രാമീണ പ്രദേശങ്ങളില്‍ വരെ മോക്ഡ്രില്ലുകള്‍ സംഘടിപ്പിക്കും. കണ്ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതും വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനത്തിനും ആപത്ത് സമയത്തെ പ്രതികരണ ട്രെയിനിംഗ് നല്‍കലും വൈദ്യുതി വിച്ഛേദിക്കപ്പെട്ടാല്‍ എന്തെല്ലാം ചെയ്യാം എന്നതിനെ പറ്റിയെല്ലാം പരിശീലനം നല്‍കും. ജില്ലാ കണ്‍ട്രോളര്‍മാര്‍, സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാര്‍, ഹോം ഗാര്‍ഡ്, എന്‍സിസി, എന്‍എസ്എസ്, നെഹ്‌റു യുവ കേന്ദ്ര സംഘടന, സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ഇതില്‍ പങ്കെടുക്കും. സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് തങ്ങളുടെ ദുരന്ത മാനേജ്‌മെന്റ് പ്ലാനുകള്‍ പരിശോധിക്കാനുള്ള അവസരമായാണ് മോക്ഡ്രില്ലുകളെ പ്രയോജനപ്പെടുത്തുന്നത്.
അരനൂറ്റാണ്ടിലേറെ കാലത്തിന് ശേഷമാണ് രാജ്യവ്യാപകമായി ഇത്തരത്തില്‍ ഒരു മോക്ഡ്രില്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നത്. 1971ലാണ് അവസാനമായി രാജ്യവ്യാപകമായി മോക്ഡ്രില്‍ നടന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അന്ന് മോക്ഡ്രില്‍ സംഘടിപ്പിച്ചത്.