ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷത്തിന് സാധ്യത കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ അടിയന്തര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പ് ഇന്ന് തുടങ്ങും. പടിഞ്ഞാറന്‍ അതിര്‍ത്തിയിലെയും വടക്കേ ഇന്ത്യയിലെയും സംസ്ഥാനങ്ങളില്‍ ഉടന്‍ തയ്യാറെടുപ്പ് നടത്താനാണ് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയത്. വ്യോമയാക്രമണത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കാനുള്ള എയര്‍ റെയ്ഡ് സൈറണ്‍ സ്ഥാപിക്കുക, അടിയന്തര ഒഴിപ്പിക്കല്‍ സ്വീകരിക്കുക, തന്ത്ര പ്രധാന കേന്ദ്രങ്ങള്‍ പെട്ടെന്ന് കണ്ടെത്താതിരിക്കാനുള്ള നടപടി എടുക്കുക, വിദ്യാര്‍ഥികള്‍ക്കടക്കം പരിശീലനം നല്‍കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം നല്‍കി.
പഞ്ചാബില്‍ കഴിഞ്ഞദിവസം തന്നെ ഇത് സംബന്ധിച്ച് നടപടികള്‍ ആരംഭിച്ചിരുന്നു. അടിയന്തരസാഹചര്യം നേരിടാനുള്ള മോക്ക് ഡ്രില്‍ കഴിഞ്ഞ ദിവസം നടത്തി. ഫിറോസ് പൂരിലാണ് ലൈറ്റുകള്‍ അടച്ചുള്ള മോക്ക് ഡ്രില്‍ നടന്നത്. ഇതിനിടെ ഇന്ത്യ സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ ക്ഷണം സ്വീകരിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. വര്‍ഷാവസാനം ഇന്ത്യയില്‍ നടക്കുന്ന വാര്‍ഷിക ഉച്ചകോടിയിലേക്കാണ് നരേന്ദ്രമോദി പുടിനെ ക്ഷണിച്ചത്. പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന ഡേറ്റുകള്‍ പിന്നീടായിരിക്കും അറിയാന്‍ സാധിക്കുക. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിക്കെതിരായ വിജയത്തിന്റെ എണ്‍പതാം വാര്‍ഷിക ആഘോഷത്തില്‍ പ്രസിഡന്റ് പുടിന് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു.
മെയ് 9ന് റഷ്യയില്‍ നടക്കാനിരുന്ന വിക്ടറി ഡേ ആഘോഷങ്ങളില്‍ പങ്കെടുക്കാനായുള്ള റഷ്യന്‍ യാത്ര ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി റദ്ദാക്കിയിരുന്നു. പ്രധാനമന്ത്രിയായിരുന്ന മുഖ്യ അതിഥി. ഇതിന് പകരമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങായിരിക്കും ചടങ്ങില്‍ പങ്കെടുക്കുന്നത്. ഫോണ്‍ സംഭാഷണത്തില്‍ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതില്‍ പുടിന്‍ ദുഃഖം രേഖപ്പെടുത്തി. ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിന് റഷ്യ പിന്തുണ അറിയിച്ചു. ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മോസ്‌കോയിലെ പാക് അമ്പാസിഡര്‍ റഷ്യയോട് സഹായം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് പുടിന്റെ പ്രതികരണം.