ഒരു തെളിവുമില്ല, വെറുതെ പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നു, പഹൽഗാം ഭീകരാക്രമണത്തിൽ വിവാദപ്രസ്താവനയുമായി ഷാഹിദ് അഫ്രീദി
പഹല്‍ഗാം ഭീകരാക്രമണത്തില്‍ വിവാദ പ്രസ്താവനയുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനായ ഷാഹിദ് അഫ്രീദി. തെളിവുകളില്ലാതെയാണ് ഇന്ത്യ വിഷയത്തില്‍ പാകിസ്ഥാനെതിരെ കുറ്റം പറയുന്നതെന്ന് ഷാഹിദ് അഫ്രീദി പറയുന്നു. പാകിസ്ഥാനാണ് ഇതിന് പിന്നിലെന്ന് തെളിയിക്കുന്ന യാതൊന്നും ഇന്ത്യയുടെ കയ്യിലില്ല. എന്നിട്ടും അവര്‍ കുറ്റപ്പെടുത്തുകയാണ്. ഇത് അങ്ങേയറ്റം അപലപനീയമായ നടപടിയാണ്. ഒരു പാക് മാധ്യമവുമായി സംസാരിക്കവെ ഷാഹിദ് അഫ്രീദി പറഞ്ഞു. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തെ ഇത് ബാധിക്കരുതെന്നും അഫ്രീദി വ്യക്തമാക്കി.
ചര്‍ച്ചകളിലൂടെ മാത്രമെ നമുക്ക് മുന്നോട്ട് പോകാനാവു. അനാവശ്യമായ പഴിചാരലുകളും പോരാട്ടങ്ങളും സാഹചര്യം കൂടുതല്‍ വഷളാക്കും. കായികമേഖലയില്‍ പ്രത്യേകിച്ച് ക്രിക്കറ്റില്‍ രാഷ്ട്രീയമായ ഇടപെടലുകള്‍ ഇല്ലാതിരിക്കുന്നതാണ് നല്ലത്. അഫ്രീദി പറഞ്ഞു. അതേസമയം ഏകദിന ലോകകപ്പ് കളിക്കാനായി പാക് ടീം ഇന്ത്യയിലെത്തില്ലെന്ന് പാകിസ്ഥാന്‍ വനിതാ ക്രിക്കറ്റ് താരം ഗുല്‍ ഫെറോസ കഴിഞ്ഞ ദിവസം വ്യക്തമാക്കി. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഉപേക്ഷിക്കണമെന്നാണ് മുന്‍ ഇന്ത്യന്‍ താരമായ സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടത്.