ഇന്ത്യയുമായുള്ള ഏറ്റുമുട്ടല്‍ പാക്കിസ്ഥാനെ കൂടുതല്‍ അപകടത്തിലേക്ക് നയിക്കും; മുന്നറിയിപ്പുമായി സാമ്പത്തിക റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 6 മെയ് 2025 (12:10 IST)
ഇന്ത്യയുമായുള്ള ഏറ്റുമുട്ടല്‍ പാക്കിസ്ഥാനെ കൂടുതല്‍ അപകടത്തിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പുമായി സാമ്പത്തിക റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്. കടമെടുക്കല്‍, വിദേശനാണ്യ ശേഖരം എന്നിവയില്‍ പാക്കിസ്ഥാന്‍ തിരിച്ചടി നേരിടുമെന്നാണ് മൂഡിസിന്റെ മുന്നറിയിപ്പ്. ഇന്ത്യയുമായി ഇപ്പോഴുള്ളതും ഉണ്ടായേക്കാവുന്നതുമായ സംഘര്‍ഷങ്ങള്‍ പാക്കിസ്ഥാനെ കൂടുതല്‍ അപകടത്തിലേക്ക് നയിക്കും. ഇത് പാകിസ്താന്റെ വളര്‍ച്ചയെ ഗുരുതരമായി ബാധിക്കുമെന്നും മൂഡീസ് പറയുന്നു. 
 
നിലവിലെ സാമ്പത്തിക അവസ്ഥയെയും മോശമായി ബാധിക്കും. വലിയൊരു തകര്‍ച്ചയില്‍ നിന്ന് നിലവില്‍ പാക്കിസ്ഥാന്‍ സമ്പത്ത് വ്യവസ്ഥ മെല്ലെ ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ്. എന്നാല്‍ ഒരു സംഘര്‍ഷം ഉണ്ടായാല്‍ അന്താരാഷ്ട്ര സംഘടനകളില്‍ നിന്നുള്ള പാക്കിസ്ഥാന്റെ കടമെടുപ്പിനെയും ഇത് ബാധിക്കും. പാക്കിസ്ഥാന് 2023 ലാണ് അന്താരാഷ്ട്ര നാണയനിധിയില്‍ നിന്ന് മൂന്ന് ബില്യണ്‍ ഡോളറിന്റെ ലോണ്‍ ലഭിച്ചത്. ഇതിന് പിന്നാലെ വീണ്ടും പാകിസ്ഥാന് കടമെടുക്കേണ്ടി വന്നു. പ്രതിസന്ധികളില്‍ നിന്നും മെല്ലെ കരകയറി വരുന്ന രാജ്യത്ത് ഒരു സംഘര്‍ഷം ഉണ്ടായാല്‍ അത് സാമ്പത്തികമായി പാകിസ്ഥാനെ തകര്‍ക്കുമെന്ന മുന്നറിയിപ്പ് മൂഡിസ് നല്‍കി.
 
അതേസമയം ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷത്തിന് സാധ്യത കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ അടിയന്തര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പ് ഇന്ന് തുടങ്ങും. പടിഞ്ഞാറന്‍ അതിര്‍ത്തിയിലെയും വടക്കേ ഇന്ത്യയിലെയും സംസ്ഥാനങ്ങളില്‍ ഉടന്‍ തയ്യാറെടുപ്പ് നടത്താനാണ് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയത്. വ്യോമയാക്രമണത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കാനുള്ള എയര്‍ റെയ്ഡ് സൈറണ്‍ സ്ഥാപിക്കുക, അടിയന്തര ഒഴിപ്പിക്കല്‍ സ്വീകരിക്കുക, തന്ത്ര പ്രധാന കേന്ദ്രങ്ങള്‍ പെട്ടെന്ന് കണ്ടെത്താതിരിക്കാനുള്ള നടപടി എടുക്കുക, വിദ്യാര്‍ഥികള്‍ക്കടക്കം പരിശീലനം നല്‍കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം നല്‍കി. 
 
പഞ്ചാബില്‍ കഴിഞ്ഞദിവസം തന്നെ ഇത് സംബന്ധിച്ച് നടപടികള്‍ ആരംഭിച്ചിരുന്നു. അടിയന്തരസാഹചര്യം നേരിടാനുള്ള മോക്ക് ഡ്രില്‍ കഴിഞ്ഞ ദിവസം നടത്തി. ഫിറോസ് പൂരിലാണ് ലൈറ്റുകള്‍ അടച്ചുള്ള മോക്ക് ഡ്രില്‍ നടന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍