120 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ പരീക്ഷണം നടത്തി പാകിസ്ഥാന്‍; ചൈനീസ് അംബാസിഡര്‍ പാക് പ്രസിഡന്റിനെ കണ്ടു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 5 മെയ് 2025 (15:58 IST)
120 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ പരീക്ഷണം നടത്തി പാകിസ്ഥാന്‍. ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ മിസൈല്‍ പരീക്ഷണം. പരീക്ഷണത്തിന് പാകിസ്ഥാന്‍ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും നായതന്ത്ര ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും എന്‍ജിനീയര്‍മാരും സാക്ഷ്യം വഹിച്ചു എന്നാണ് വിവരം.
 
അതിനിടെ ചൈനീസ് അംബാസിഡര്‍ പാക് പ്രസിഡന്റിനെ കണ്ടു. ചൈന നേരത്തെ തന്നെ പരസ്യമായി പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് ചൈനീസ് അംബാസിഡറുടെ സന്ദര്‍ശനം. അതേസമയം തുര്‍ക്കി നാവികസേനയുടെ യുദ്ധക്കപ്പല്‍ പാക്കിസ്ഥാന്‍ തുറമുഖത്ത് എത്തിയിട്ടുണ്ട്. കപ്പല്‍ മെയ് ഏഴാം തീയതി വരെ കറാച്ചി തീരത്ത് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ടിസിജി വ്യൂകോത എന്ന കപ്പലാണ് ഞായറാഴ്ച കറാച്ചി തുറമുഖത്ത് എത്തിയത്. ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായി ഇരിക്കുന്ന സാഹചര്യത്തിലാണ് തുര്‍ക്കി നാവികസേനയുടെ കപ്പല്‍ പാക്കിസ്ഥാന്‍ തുറമുഖത്തെത്തുന്നത്. 
 
തുര്‍ക്കിയുടെ കപ്പലിലെ ഉദ്യോഗസ്ഥര്‍ പാക്കിസ്ഥാന്റെ നാവികസേനാ ഉദ്യോഗസ്ഥരുമായി വിവിധ വിഷയങ്ങളില്‍ ആശയവിനിമയം നടത്തുമെന്നാണ് വിവരം. ദിവസങ്ങള്‍ക്കു മുമ്പ് തുര്‍ക്കി വ്യോമസേനയുടെ എയര്‍ക്രാഫ്റ്റും കറാച്ചിയില്‍ എത്തിയിരുന്നു. പാക്കിസ്ഥാന്റെ അന്തര്‍വാഹിനികളുടെ നവീകരണത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നത് തുര്‍ക്കിയിലെ പ്രതിരോധ കമ്പനികളാണ്. സൈനികാവശ്യത്തിനുള്ള ഡ്രോണുകളും തുര്‍ക്കിയില്‍ നിന്ന് പാകിസ്ഥാന് ലഭിക്കുന്നുണ്ട്. 
 
അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഭീകരരെ സഹായിക്കുന്നവര്‍ക്കെതിരെ നടപടി കടുപ്പിച്ച് കശ്മീര്‍ പോലീസ്. 2800 പേരെ കസ്റ്റഡിയിലെടുത്തു. കാശ്മീര്‍ ഐജി വികെ ബിര്‍ദി ആണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 90 പേര്‍ക്കെതിരെ പിഎസ്എ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍