തൃശൂര്‍ പൂരം: ആനകളുടെ ആരോഗ്യം ശ്രദ്ധിക്കാന്‍ 50 ഡോക്ടര്‍മാര്‍

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 9 ഏപ്രില്‍ 2024 (10:51 IST)
തൃശൂര്‍ പൂരത്തില്‍ എഴുന്നള്ളിക്കുന്ന ആനകളുടെ സുരക്ഷയ്ക്ക് കൂടുതല്‍ ക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ വിആര്‍ കൃഷ്ണതേജ. പൂരത്തിന് തലേദിവസം 25 വീതം 50 വെറ്ററിനറി ഡോക്ടര്‍മാരുടെ രണ്ടു സംഘങ്ങള്‍ ആനകളുടെ ആരോഗ്യ പരിശോധന നടത്തി ഫിറ്റ്നസ് ഉറപ്പാക്കും. മറ്റു രേഖകള്‍ ഫോറസ്റ്റ് ജീവനക്കാരുടെ നേതൃത്വത്തിലും പരിശോധിക്കും. തൃശൂര്‍ പൂരത്തിലും മറ്റു പ്രധാന പൂരങ്ങളിലും പങ്കെടുത്ത പരിചയം, മദകാലം, അനുസരണ, പാപ്പാന്‍മാരുടെ ലൈസന്‍സ് വിവരങ്ങള്‍, പരിചയ സമ്പന്നത തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തും. എഴുന്നള്ളിപ്പ് ദിവസങ്ങളില്‍ മയക്കുവെടി വിദഗ്ധരുടെ മൂന്ന് സ്‌ക്വാഡുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കും.
 
കടുത്ത വേനലില്‍ ആനകളുടെ പരിപാലനത്തില്‍ ഏറെ ശ്രദ്ധ ചെലുത്തണം. തണുപ്പ് നിലനിര്‍ത്തുന്നതിന് നിലത്ത് ചാക്കിട്ട് ഇടയ്ക്കിടെ വെള്ളം നനയ്ക്കും. മതിയായ വിശ്രമം, ഭക്ഷണം, വെള്ളം എന്നിവ ഉറപ്പാക്കും. തണ്ണിമത്തന്‍, കരിമ്പ് തുടങ്ങിയവ ധാരാളം നല്‍കണം. പൂരത്തോടനുബന്ധിച്ച് ആനകള്‍ക്ക് അടിയന്തര ചികിത്സ ആവശ്യമായി വന്നാല്‍ നല്‍കാനുള്ള സൗകര്യവും ഒരുക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article