സുരേഷ് ഗോപി ലൂര്‍ദ്ദ് പള്ളിയില്‍ കൊടുത്ത കിരീടം ചെമ്പില്‍ സ്വര്‍ണം പൂശിയത് ! ആറ് ഗ്രാമില്‍ താഴെയെന്ന് റിപ്പോര്‍ട്ട്

രേണുക വേണു
ശനി, 2 മാര്‍ച്ച് 2024 (15:25 IST)
തൃശൂര്‍ ലൂര്‍ദ്ദ് പള്ളിയിലെ മാതാവിന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി സമര്‍പ്പിച്ച കിരീടം ചെമ്പ് തകിടില്‍ സ്വര്‍ണം പൂശിയത്. മകളുടെ വിവാഹത്തോടു അനുബന്ധിച്ചാണ് തൃശൂര്‍ ലോക്‌സഭാ ബിജെപി സ്ഥാനാര്‍ഥി കൂടിയായ സുരേഷ് ഗോപി ലൂര്‍ദ്ദ് പള്ളിയില്‍ എത്തി കിരീടം സമര്‍പ്പിച്ചത്. കുടുംബ സമേതമാണ് താരം പള്ളിയില്‍ എത്തിയതും കിരീട സമര്‍പ്പണം നടത്തിയതും. 
 
കിരീടം ചെമ്പ് തകിടില്‍ സ്വര്‍ണം പൂശിയതാണെന്നും ആറ് ഗ്രാമില്‍ താഴെയാണ് സ്വര്‍ണത്തിന്റെ അളവെന്നും ആണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ട് വലിയ പബ്ലിസിറ്റിയോടെയാണ് സുരേഷ് ഗോപിയും ബിജെപി നേതാക്കളും അടക്കം ലൂര്‍ദ്ദ് പള്ളിയില്‍ എത്തി കിരീടം സമര്‍പ്പിച്ചത്. ലക്ഷങ്ങള്‍ ചെലവഴിച്ച് മാതാവിന് കിരീടം സമര്‍പ്പിച്ചു എന്ന തരത്തില്‍ തൃശൂര്‍ ജില്ലയിലെ ബിജെപി നേതാക്കളും പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തുകയും ചെയ്തിരുന്നു. 
 
അതേസമയം ഇതിന്റെ വ്യക്തതയ്ക്കു വേണ്ടി വെബ് ദുനിയ മലയാളത്തിന്റെ പ്രതിനിധി ലൂര്‍ദ്ദ് മെട്രോപ്പോളിറ്റന്‍ കത്തീഡ്രല്‍ ദേവാലയത്തിലെ അധികാരികളുമായി ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. പള്ളിയില്‍ ഒരാള്‍ നേര്‍ച്ചയായി സമര്‍പ്പിച്ചത് ഔദ്യോഗികമായി പുറത്തുവിടാറില്ലെന്നും സുരേഷ് ഗോപിയോട് തന്നെ ചോദിക്കണമെന്നും ആയിരുന്നു പ്രതികരണം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article