ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

നിഹാരിക കെ എസ്

ബുധന്‍, 9 ഒക്‌ടോബര്‍ 2024 (11:21 IST)
ധനുഷും ഐശ്വര്യ രജനികാന്തും വീണ്ടും ഒന്നിക്കാന്‍ സാധ്യത. 18 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ രണ്ട് വർഷം മുൻപായിരുന്നു തങ്ങൾ പിരിയുകയാണെന്ന കാര്യം ധനുഷ് ആരാധകരെ അറിയിച്ചത്. പരസ്പര ധാരണയോടെ മ്യൂച്ചല്‍ ഡിവോഴ്‌സ് പെറ്റിഷന്‍ ആയിരുന്നു ഇരുവരും നല്‍കിയത്. എന്നാല്‍ ചെന്നൈയിലെ കുടുംബ കോടതിയില്‍ നടക്കുന്ന കേസിന്റെ ഹിയറിങ്ങിന് താരങ്ങള്‍ ഹാജരായിട്ടില്ല. ഇതോടെയാണ് ഇരുവരും വീണ്ടും ഒരുമിക്കാൻ സാധ്യതയുണ്ടെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
 
ഹിയറിങ്ങിന് ധനുഷും ഐശ്വര്യയും എത്താതിരുന്നതോടെ കേസ് ഒക്ടോബര്‍ 19ലേക്ക് മാറ്റിവെച്ചു. മക്കൾക്ക് വേണ്ടി വീണ്ടും ഒന്നിക്കാൻ സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോർട്ട്. എന്നാല്‍ ഈ വാര്‍ത്തകളോട് ധനുഷോ ഐശ്വര്യയോ പ്രതികരിച്ചിട്ടില്ല. വിവാഹമോചനം പ്രഖ്യാപിച്ചതിന് ശേഷവും പലപ്പോഴും ധനുഷും ഐശ്വര്യയും ഒരേ വേദികളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. മക്കളായ യാത്ര, ലിംഗ എന്നിവരുടെ സ്‌കൂള്‍ പരിപാടികളില്‍ ധനുഷും ഐശ്വര്യയും ഒന്നിച്ചെത്താറുണ്ട്.
 
ഐശ്വര്യ ഒടുവില്‍ സംവിധാനം ചെയ്ത ‘ലാല്‍ സലാം’ എന്ന ചിത്രത്തിനായി ധനുഷ് ആശംസകള്‍ നേര്‍ന്നതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നീണ്ട അഭിനയ ജീവിതത്തിനൊടുവിൽ ധനുഷ് ആദ്യമായി സിനിമ സംവിധാനം ചെയ്തത് അടുത്തിടെ ആയിരുന്നു. രായൻ എന്ന ചിത്രം ബോക്സ്ഓഫീസിൽ ഹിറ്റായിരുന്നു. 2004ല്‍ ആയിരുന്നു ധനുഷും ഐശ്വര്യയും വിവാഹിതരായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍