ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമല്ല: ശ്രദ്ധിച്ച് ചെയ്തില്ലെങ്കിൽ പണി കിട്ടും

നിഹാരിക കെ എസ്

ഞായര്‍, 24 നവം‌ബര്‍ 2024 (10:15 IST)
ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല. പുതിയ ആധാര്‍ എടുക്കുന്നതിനും നിബന്ധനകൾ ഉണ്ട്. നിലവിലുള്ള ആധാർ കാർഡുകളിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്താനുണ്ടെങ്കിൽ യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നിബന്ധനകള്‍ കര്‍ശനമാക്കി. രാജ്യത്ത് ആധാറുമായി ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പുകള്‍ തടയാന്‍ ലക്ഷ്യമിട്ടാണ് നീക്കം.
 
പുതിയ ആധാര്‍ എടുക്കുന്നതിനുള്ള അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കുന്ന രേഖകളിലെ ചെറിയ പൊരുത്തക്കേടുകള്‍ പോലും അംഗീകരിക്കില്ല. പേരിലെ ചെറിയ തിരുത്തലുകള്‍ക്ക് പോലും ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധമാക്കി. ഇതോടൊപ്പം തിരിച്ചറിയല്‍ രേഖയും സമര്‍പ്പിക്കണം. പേരുതിരുത്താന്‍ പരമാവധി രണ്ടവസരമാണ് ലഭിക്കുക.
 
എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് പാന്‍കാര്‍ഡ്, വോട്ടര്‍ ഐഡി, ഡ്രൈവിങ് ലൈസന്‍സ്, സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവയിലേതെങ്കിലും രേഖയായി സമര്‍പ്പിക്കാവുന്നതാണ്. ജനനത്തീയതി ഒരു തവണ മാത്രമേ തിരുത്താനാകൂ. 18 വയസുവരെയുള്ളവരുടെ ജനന തീയതി തിരുത്താന്‍ സംസ്ഥാനങ്ങളിലെ അംഗീകൃത അധികൃതര്‍ നല്‍കുന്ന ജനനസര്‍ട്ടിഫിക്കറ്റ് മാത്രമാണ് പരിഗണിക്കുക.
 
പാസ്‌പോര്‍ട്ട്, എസ്എസ്എല്‍സി ബുക്ക് തുടങ്ങിയ രേഖകള്‍ പരിഗണിക്കില്ല. 18 വയസിന് മുകളിലുള്ളവര്‍ക്ക് എസ്എസ്എല്‍സി ബുക്ക് ജനന തീയതിയുടെ രേഖയായി സമര്‍പ്പിക്കാവുന്നതാണ്. ജനന തീയതി തിരുത്താന്‍ എസ്എസ്എല്‍സി. ബുക്കിലെ പേര് ആധാറുമായി പൊരുത്തപ്പെടണമെന്ന വ്യവസ്ഥയുമുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍