ജൂലൈ 14-ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും രാവിലെ അസംബ്ലികളില്‍ ശ്രീമദ് ഭഗവദ്ഗീത ശ്ലോകങ്ങള്‍ പാരായണം ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അച്ചടക്കം, നേതൃത്വം, വൈകാരിക സന്തുലിതാവസ്ഥ തുടങ്ങിയ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ പറയുന്നു.
സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. മുകുള്‍ കുമാര്‍ സതിയുടെ ഔദ്യോഗിക ഉത്തരവ് പ്രകാരം സ്‌കൂളുകള്‍ ദിവസവും ഒരു ഗീതാ ശ്ലോകം ചൊല്ലുക മാത്രമല്ല, അതിന്റെ അര്‍ത്ഥവും ശാസ്ത്രീയ പ്രസക്തിയും വിദ്യാര്‍ത്ഥികള്‍ക്ക് വിശദീകരിക്കുകയും വേണം. അധ്യാപകരോട് 'ആഴ്ചയിലെ ശ്ലോകം' തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിന്റെ അര്‍ത്ഥം സ്‌കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും വിദ്യാര്‍ത്ഥികളെ പഠിക്കാനും അതിനെക്കുറിച്ച് ചിന്തിക്കാനും പ്രോത്സാഹിപ്പിക്കുകയും വേണം.