കോട്ടയം മുട്ടമ്പലം സ്വദേശി എസ്.പി.മത്തായി സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്ന് 1,26,381 രൂപ പ്രീമിയം അടച്ച് 2024 സെപ്റ്റംബര്‍ രണ്ടിനാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി വാങ്ങിയത്. പ്രൊപ്പോസല്‍ ഫോം നിരസിച്ചതിനേത്തുടര്‍ന്ന് 15 ദിവസത്തിനകം തുക ബാങ്ക് അക്കൗണ്ടിലേക്ക് മടക്കിനല്‍കുമെന്ന് പറഞ്ഞെങ്കിലും ലഭിച്ചില്ല. തുക അക്കൗണ്ടിലേക്ക് ഇട്ടുകൊടുത്തതായാണ് ഇന്‍ഷുറന്‍സ് കമ്പനി അറിയിച്ചത്. തുക ലഭിക്കാതെ വന്നതോടെ മത്തായി കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനെ സമീപിക്കുകയായിരുന്നു.
അക്കൗണ്ടിലേക്ക് തുക വന്നിട്ടുണ്ടോ എന്നു പരിശോധിക്കാന്‍ പരാതിക്കാരന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് വേണമെന്ന് ഇന്‍ഷുറന്‍സ് കമ്പനി ആവശ്യപ്പെട്ടിരുന്നു. ഇടപാടുരേഖകള്‍ സൂക്ഷിക്കേണ്ടത് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഉത്തരവാദിത്വമാണെന്നും പരാതിക്കാരന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് ആവശ്യപ്പെടുന്നത് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഭാഗത്തുനിന്നുള്ള അശ്രദ്ധയുടെ ഉദാഹരണമാണെന്നും കമ്മിഷന്‍ അഭിപ്രായപ്പെട്ടു.
ഇന്‍ഷുറന്‍സ് പ്രീമിയവും 2024 സെപ്റ്റംബര്‍ രണ്ടുമുതല്‍ 2025 ജനുവരി 30 വരെ ഒന്‍പത് ശതമാനം നിരക്കില്‍ പലിശയും നല്‍കാനാണ് അഡ്വ. വി.എസ്.മനുലാല്‍ പ്രസിഡന്റായും അഡ്വ. ആര്‍.ബിന്ദു, കെ.എം.ആന്റോ എന്നിവര്‍ അംഗങ്ങളുമായുള്ള ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ വിധിച്ചത്. സേവന ന്യൂനതയ്ക്ക് നഷ്ടപരിഹാരമായി 35,000 രൂപയും നല്‍കണം.