സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1; കൊല്ലത്ത് 4 വിദ്യാര്‍ത്ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 17 ജൂലൈ 2025 (10:22 IST)
സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1. കൊല്ലത്ത് 4 വിദ്യാര്‍ത്ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു. എസ്എന്‍ ട്രസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിലെ കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരേ ക്ലാസിലെ നാല് കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വായുവിലൂടെ പകരുന്ന രോഗമാണ് ഇത്. മനുഷ്യരില്‍ ശ്വാസകോശ രോഗങ്ങള്‍ ഇതുണ്ടാകും. അസുഖബാധിതനായ ആളില്‍ നിന്ന് രണ്ടു മുതല്‍ ഏഴ് ദിവസം വരെ ഇത് പകര്‍ന്നുതുടങ്ങും. 
 
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ശ്വാസഭാഷത്തില്‍ നിന്നുള്ള സ്രവങ്ങള്‍ വായിലൂടെ സഞ്ചരിച്ചാണ് മറ്റുള്ളവരിലേക്ക് രോഗം പടരുന്നത്. തൊണ്ടവേദന, ശ്വാസംമുട്ടല്‍, ചുമ, ശര്‍ദ്ദി, വിറയല്‍, ക്ഷീണം, പനി, ശരീര വേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. പ്രമേഹം, ഹൃദ്രോഹം തുടങ്ങിയ രോഗമുള്ളവരില്‍ രോഗം രൂക്ഷമാവാന്‍ സാധ്യതയുണ്ട്.
 
അതേസമയം സംസ്ഥാനത്ത് വീണ്ടും നിപ്പ സ്ഥിരീകരിച്ചു. പാലക്കാട് ചങ്ങലീരിയില്‍ നിപ്പ ബാധിച്ച് മരിച്ച വ്യക്തിയുടെ മകനാണ് രോഗം സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് നിപ്പ കണ്ടെത്തിയത്. നിലവില്‍ പാലക്കാട് മെഡിക്കല്‍ കോളേജ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് രോഗി.
 
നേരത്തെ ഹൈറിസ്‌ക് കാറ്റഗറിയില്‍ നിരീക്ഷണത്തിലായിരുന്നു യുവാവ്. പിതാവ് രോഗം ബാധിച്ച് അവശനായി ആശുപത്രിയില്‍ ഉണ്ടായിരുന്നപ്പോള്‍ 32 കാരനായ മകനാണ് ഒപ്പം ഉണ്ടായിരുന്നത്. പാലക്കാട് മൂന്നാമത്തെ ആള്‍ക്കാണ് നിപ്പ രോഗം ബാധിക്കുന്നത്. ആദ്യം ഒരു യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ചികിത്സയില്‍ കഴിയുന്നതിനിടയാണ് 58 കാരന്‍ നിപ്പ ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ പാലക്കാട് ജില്ലയില്‍ 347 പേര്‍ നിരീക്ഷണത്തിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍