വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 16 ഒക്‌ടോബര്‍ 2024 (14:44 IST)
divya
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍. തഹസീല്‍ദാര്‍ എന്ന നിലയില്‍ റാന്നിയില്‍ നവീന്റെ പ്രവര്‍ത്തനം തങ്ങള്‍ക്ക് എന്നും ബലമായിരുന്നുവെന്നും ദിവ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. 
 
ദിവ്യ എസ് അയ്യര്‍ പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണരൂപം-
 
വിശ്വസിക്കാനാകുന്നില്ല നവീനേ!
പത്തനംതിട്ടയില്‍ എന്റെ തഹസീല്‍ദാരായി റാന്നിയില്‍ സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് പകര്‍ത്തിയ ഈ ചിത്രത്തില്‍ നിങ്ങള്‍ ആദരണീനായ റവന്യു മന്ത്രി കെ രാജന്‍, റാന്നി എം എല്‍ എ പ്രമോദ് നാരായണന്‍ എന്നിവരെ തിരിച്ചറിയുന്നുണ്ടാകും. ആദ്യ ചിത്രത്തില്‍ വലതു വശം എന്റെ പുറകെ ഇളം പച്ച ഷര്‍ട്ട് ഇട്ടു മാസ്‌ക് അണിഞ്ഞു നവീന്‍ നില്‍പ്പുണ്ട്. രണ്ടാം ചിത്രത്തിലും പുറകില്‍ പിങ്ക് ഷര്‍ട്ടും മാസ്‌കും അണിഞ്ഞു നവീന്‍ നില്‍ക്കുമ്‌ബോള്‍ റവന്യു മന്ത്രി വിസിറ്റഴ്സ് നോട്ട് ഇല്‍ അഭിനന്ദനക്കുറിപ്പ് എഴുതുന്നു.
 
എന്നും ഞങ്ങള്‍ക്ക് ഒരു ബലം ആയിരുന്നു തഹസീല്‍ദാര്‍ എന്ന നിലയില്‍ റാന്നിയില്‍ നവീന്റെ പ്രവര്‍ത്തനം. ഏതു പാതി രാത്രിയും, ഏതു വിഷയത്തിലും കര്‍മ്മനിരതനായി, ഈ ചിത്രങ്ങളില്‍ എന്നപോലെ ഗോപ്യമായി, സൗമ്യനായി, നവീന്‍ എന്ന പ്രിയപ്പെട്ട മികച്ച സഹപ്രവര്‍ത്തകന്‍ ഉണ്ടാകും. ഇനി എന്നെന്നേക്കുമായി കാണാമറയത്തു പോയെന്നോര്‍ക്കുമ്‌ബോള്‍...
അമ്മ മരണപ്പെട്ട തരുണത്തില്‍ ഞാന്‍ നവീന്റെ വീട്ടില്‍ പോയിരുന്നു. എത്ര മാത്രം തന്റെ അമ്മയെ ആദരിച്ചിരുന്ന മകന്‍ ആയിരുന്നു നവീന്‍ എന്നു അന്നു ഞാന്‍ തിരിച്ചറിഞ്ഞു. മഞ്ജുഷയെയും കുഞ്ഞുങ്ങളെയും ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല. ദുഃഖം പേറുവാന്‍ ഞങ്ങളും ഒപ്പമുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍