സിദ്ധാര്‍ഥിനെതിരായ ആള്‍ക്കൂട്ട ആക്രമണം; 19 പേര്‍ക്ക് മൂന്ന് വര്‍ഷത്തെ പഠന വിലക്ക്, 12 വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ വിലക്ക്, അക്രമം കണ്ടുനിന്ന എല്ലാവര്‍ക്കും സസ്‌പെന്‍ഷന്‍ !

രേണുക വേണു

ശനി, 2 മാര്‍ച്ച് 2024 (08:28 IST)
Siddharth

കല്‍പ്പറ്റ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥിന്റെ മരണത്തില്‍ 12 വിദ്യാര്‍ഥികള്‍ക്കെതിരെ കൂടി നടപടി. പത്ത് വിദ്യാര്‍ഥികളെ ഒരു വര്‍ഷത്തേക്ക് വിലക്കി. ഇവര്‍ക്ക് ക്ലാസില്‍ പങ്കെടുക്കാനോ പരീക്ഷ എഴുതാനോ സാധിക്കില്ല. പ്രതികള്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ മര്‍ദ്ദിച്ചവരാണ് ഇവര്‍. 
 
മറ്റു രണ്ട് പേര്‍ക്ക് ഒരു വര്‍ഷത്തേക്കു ഇന്റേണല്‍ പരീക്ഷ എഴുതുന്നതിനാണ് വിലക്ക്. മര്‍ദ്ദനമേറ്റതായി കണ്ടിട്ടും ആശുപത്രിയില്‍ എത്തിക്കാത്തതിനാണു നടപടി. ഈ 12 വിദ്യാര്‍ഥികളേയും ഹോസ്റ്റലില്‍ നിന്നും പുറത്താക്കി. 
 
ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്കെതിരെയും നടപടിയുണ്ട്. അക്രമം കണ്ടു നിന്ന മുഴുവന്‍ പേരെയും ഏഴ് ദിവസം കോളേജില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. ഈ ദിവസങ്ങളില്‍ ഹോസ്റ്റലിലും പ്രവേശിക്കാന്‍ കഴിയില്ല. സംഭവം നടനന്ന 16, 17, 18 തിയതികളില്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്നവര്‍ക്കെതിരെയാണ് ശിക്ഷ. 
 
നേരത്തെ കേസിലെ മുഖ്യപ്രതികള്‍ അടക്കമുള്ള 19 പേര്‍ക്കു മൂന്ന് വര്‍ഷത്തേക്ക് പഠന വിലക്ക് ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് മറ്റുള്ളവര്‍ക്കെതിരെയും നടപടിയെടുത്തത്. ഇവര്‍ക്ക് ഇന്ത്യയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും മൂന്ന് വര്‍ഷത്തേക്ക് പ്രവേശനം നേടാന്‍ സാധിക്കില്ല. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍