ശോഭനയെ സംഘിയാക്കിയാൽ ശോഭനക്കൊന്നുമില്ല, പക്ഷേ സംഘികൾക്കത് ഗുണം ചെയ്യും: കുറിപ്പുമായി ശാരദക്കുട്ടി

അഭിറാം മനോഹർ
വ്യാഴം, 4 ജനുവരി 2024 (15:06 IST)
തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ബിജെപി സംഘടിപ്പിച്ച സ്ത്രീശക്തി മോദിക്കൊപ്പം മഹിളാ സമ്മേളനത്തില്‍ പങ്കെടുത്തതില്‍ നടി ശോഭനക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളിലും സംഘി ചാപ്പക്കുത്തിലിനെതിരെയും പ്രതികരണവുമായി എഴുത്തുകാരി ശാരദക്കുട്ടി. ശോഭന മല്ലികാ സാരാഭായ് യെ പോലെയാ ഷബാന ആസ്മിയെ പോലെയോ രാഷ്ട്രീയ ചിന്തകളുള്ള വ്യക്തിയല്ലെന്നും ശോഭനയെ സംഘിയായി ചാപ്പ കുത്തിയാല്‍ അത് ശോഭനയെ ഒരുതരത്തിലും ബാധിക്കില്ലെന്നും എന്നാല്‍ സംഘികള്‍ക്ക് അത് ഗുണമാവുമെന്നും ശാരദക്കുട്ടി തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
 
ശാരദക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
 
നൃത്തവും സിനിമയും അല്ലാതെ മറ്റൊന്നിനെ കുറിച്ചും ശോഭന ഇന്നു വരെ സംസാരിച്ചു കേട്ടിട്ടില്ല. നീണ്ട അഭിമുഖങ്ങളില്‍ പോലും അവര്‍ കലാജീവിതമല്ലാതെ വ്യക്തിപരമായതൊന്നും വെളിപ്പെടുത്താറില്ല. മറ്റൊന്നും അവര്‍ ശ്രദ്ധിക്കുന്നതായി തോന്നിയിട്ടില്ല.അവരുടെ വേദികള്‍, രാഷ്ട്രീയ ഇടമായല്ല, കലാകാരി എന്ന നിലയില്‍ കിട്ടുന്ന വേദി ആയി മാത്രമാണ് അവര്‍ കാണുന്നത്. നവകേരളസദസ്സിന്റെ ഭാഗമായ കേരളീയത്തെയും മോദി വേദിയെയും അവര്‍ ഒരു പോലെ കാണുന്നത് അതുകൊണ്ടാണ്. രാഷ്ട്രീയ അജ്ഞതയാണത്. മോദിയെ കുറിച്ചും പിണറായിയെ കുറിച്ചും രാഹുല്‍ ഗാന്ധിയെ കുറിച്ചും എഴുതിക്കൊടുക്കുന്നത് അവര്‍ പറയും. രാഷ്ട്രീയ ബോധത്തില്‍ അതാണ് അവരുടെ നില. നില മാത്രമാണത്. നിലപാടല്ല.
 
നാളെ ഗവര്‍ണ്ണറുടെ വേദിയിലും കോണ്‍ഗ്രസിന്റെ വേദിയിലും അവരെത്തും. അവരുടെ നിലക്കൊത്ത ചെലവുകള്‍ വഹിക്കാന്‍ സംഘാടകര്‍ തയ്യാറെങ്കില്‍. എഴുതിക്കൊണ്ടുവന്ന പ്രസംഗം അവര്‍ തപ്പിയും തടഞ്ഞും വായിക്കും.
അവരുടെ സംഘി ചായ്വ് എന്നൊക്കെ ഇതിനെ പെരുപ്പിച്ചാലും അവരിത് അറിയാനോ ശ്രദ്ധിക്കാനോ പോകുന്നില്ല. ശ്രദ്ധിച്ചാലും പതിവ് I dont care ഭാവമായിരിക്കും അവരുടേത്. എന്നെ ഒന്നും ബാധിക്കില്ല എന്നൊരു മട്ട് ആ സ്വയംപ്രഖ്യാപിത ഇരിപ്പിലും നടപ്പിലുമുണ്ട്. മല്ലികാ സാരാഭായ് യെ പോലെയാ ഷബാന ആസ്മിയെ പോലെയോ രാഷ്ട്രീയ ചിന്തകളുള്ള ഒരു വ്യക്തിയല്ല ശോഭന.
BJP സമ്മേളനത്തില്‍ പങ്കെടുക്കില്ല എന്ന തീരുമാനമെടുക്കാന്‍ മാത്രമൊന്നുമുള്ള രാഷ്ട്രീയബോധമില്ലാത്ത ഒരാളെ കുറിച്ചും അവര്‍ വായിച്ചു തീര്‍ത്ത ഒരു കുറിപ്പിനെ കുറിച്ചും ഇത്ര ബേജാറാകേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല.
ശോഭനയെ സംഘിയാക്കിയാല്‍ ശോഭനക്കൊന്നുമില്ല, സംഘികള്‍ക്കതു ഗുണം ചെയ്യുമെന്നു മാത്രം.

അനുബന്ധ വാര്‍ത്തകള്‍

Next Article