മണ്ഡല, മകരവിളക്ക് സീസണിലും ശബരിമലയിൽ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യത; സ്‌പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി

Webdunia
ബുധന്‍, 24 ഒക്‌ടോബര്‍ 2018 (07:47 IST)
നവംബർ പതിനാലിന് തുടങ്ങുന്ന മണ്ഡല, മകരവിളക്ക് സീസണിലും ശബരിമലയിൽ പ്രശ്‌നസാധ്യതയുണ്ടെന്ന് കാണിച്ച് ശബരിമല സ്‌പെഷ്യൽ കമ്മീഷണർ എം മനോജ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ശബരിമല, നിലയ്‌ക്കൽ, പമ്പ, എരുമേലി എന്നിവിടങ്ങളിലാണ് പ്രശ്‌നസാധ്യത കൂടുതലെന്ന് റിപ്പോർട്ടിൽ പറയുന്നു.
 
പ്രതിഷേധവുമായി വരുന്നവർ അയ്യപ്പ ദരശനത്തിനെത്തുന്ന പത്ത് മുതൽ അമ്പത് വയസ്സുവരെയുള്ള സ്‌ത്രീകളെ തടയാൻ സാധ്യത കൂടുതലാണ്. ഉത്സവകാലത്ത് ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെല്ലാം ആൾക്കൂട്ടമെത്തുമെന്നതിനാൽ പ്രക്ഷോഭത്തിനിടെ ജനം പരക്കംപായുകയും അത് തീർത്ഥാടകരുടേയും പൊലീസുകാരുടേയും മറ്റും ജീവാപായത്തിന് വരെ കാരണമായേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
 
കഴിഞ്ഞ ദിവസങ്ങളിൽ ശബരിമലയിലേക്കെത്തിയ നിരവധി പേരെ പ്രതിഷേധക്കാർ തടഞ്ഞിരുന്നു. അത് കൂടാതെ അവരുടെ വീടുകൾ അക്രമിക്കുകയും ഭീഷണി മുഴക്കുകയും ചെയ്‌തിരുന്നു. ഇനി വരാൻ ശ്രമിക്കുന്ന സ്‌ത്രീകൾക്കും ഇതേ അവസ്ഥ തന്നെയായിരിക്കുമെന്നാണ് സൂചനകൾ. മണ്ഡലകാലത്ത് പ്രതിഷേധം ഇതിലും കൂടുതലാകാനും സാധ്യതകളുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article