ശബരിമല: കേന്ദ്ര സര്‍ക്കാര്‍ ഓഡിനന്‍സിനേക്കുറിച്ച് ചിന്തിക്കണമെന്ന് രാഹുല്‍ ഈശ്വര്‍
ചൊവ്വ, 23 ഒക്‌ടോബര്‍ 2018 (19:21 IST)
ശബരിമല സ്‌ത്രീ പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് മാറ്റണമെന്ന് അയ്യപ്പ ധർമസേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. സര്‍ക്കാര്‍ നിരീശ്വരവാദികളുടേയും അവിശ്വാസികളുടേയും മാത്രം സര്‍ക്കാരായി ചുരുങ്ങി. മുഖ്യമന്ത്രി സ്വാമി അയ്യപ്പനു മുമ്പില്‍ പരാജയപ്പെട്ടുവെന്നും രാഹുല്‍ വ്യക്തമാക്കി.
വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഡിനന്‍സിനേക്കുറിച്ച് ചിന്തിക്കണം. രാഷ്‌ട്രീയമില്ലാത്ത കാര്യമാണിത്. അതിനാല്‍ മുക്യമന്ത്രി നിലപാട് മാറ്റണം. നവംബര്‍ അഞ്ചിന് വീണ്ടും നട തുറക്കും. ഗാന്ധിയന്‍ മാര്‍ഗത്തിലുള്ള സമരം അന്നും തുടരുമെന്നും രാഹുല്‍ പറഞ്ഞു.
നിലവിലെ നിരാഹാര സമരം അവസാനിപ്പിക്കുകയാണ്. അയ്യപ്പനു വേണ്ടി ആറല്ല, അറുപത് ദിവസം നിരാഹാരം കിടക്കാനും തയ്യാറാണ്. ശബരിമലയില്‍ ആരും അതിക്രമിച്ചുകയറാതെ ഭക്തര്‍ നോക്കിയതില്‍ സന്തോഷമുണ്ടെന്നും ജയില്‍ മോചിതനായ ശേഷം രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
തനിക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത് കള്ളക്കേസുകളാണ്. ശബരിമല വിഷയത്തില്‍ ഡല്‍ഹിയില്‍ പോയി വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും രാഹുല്‍ പ്രതികരിച്ചു.
പൊലീസിന്റെ കൃത്യനിർവഹണം തടഞ്ഞു, ആന്ധ്രാപ്രദേശിൽ നിന്ന് എത്തിയ മാധവി എന്ന സത്രീയെ മലകയറാൻ സമ്മതിച്ചില്ല എന്നീ കുറ്റങ്ങളാണ് രാഹുലിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. രാഹുലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധക്കാര്‍ ഭക്തരെ തടഞ്ഞ് പരിശോധന നടത്തിയത്.