‘അയ്യപ്പന്‍’ വോട്ടാകുമെന്ന്; തന്ത്രങ്ങളൊരുക്കാന്‍ അമിത് ഷാ വരുന്നു, ലക്ഷ്യം ലോക്‍സഭ തെരഞ്ഞെടുപ്പ് - പാത തെളിച്ച് ബിജെപി!
ചൊവ്വ, 23 ഒക്‌ടോബര്‍ 2018 (15:46 IST)
ശബരിമല സ്‌ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയുടെ ഉത്തരവ് പ്രക്ഷോഭങ്ങളിലേക്ക് വഴിവെച്ച സാഹചര്യം മുതലെടുക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വമൊരുങ്ങുന്നു. കേരളത്തില്‍ അനുകൂല സാഹചര്യം ഒരുങ്ങിയെന്ന വിലയിരുത്തലില്‍ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തും.
കണ്ണൂരിലും ശിവഗിരി മഠത്തിലും നടക്കുന്ന പൊതു പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തുന്ന അമിത് ഷാ വിവിധ ഹൈന്ദവ സന്യാസി നേതൃത്വവുമായി ചര്‍ച്ച നടത്തും. ശബരിമല പ്രശ്‌നത്തില്‍ ഹിന്ദു സമൂഹത്തെ മുഴുവന്‍ ഒരു കുടക്കീഴില്‍ അണിനിരത്തുകയാണ് ഇതിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്.
മൂന്നു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നതിന്റെ തിരക്കിലായിരുന്ന അമിത് ഷായെ കേരളത്തില്‍ എത്തിക്കുന്നത് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടല്‍ മൂലമാണ്. കഴിഞ്ഞ ദിവസം ബിജെപി നേതാവ് പികെ കൃഷ്ണദാസ് അമിത് ഷായുമായി ചര്‍ച്ച നടത്തുകയും കേരളത്തിലെ സാഹചര്യം അറിയിക്കുകയുമായിരുന്നു. ഇതോടെയാണ് വെള്ളിയാഴ്‌ച സംസ്ഥാനത്ത് എത്താന്‍ അദ്ദേഹം തീരുമാനിച്ചത്.
ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുന്നത് അനുകൂലമായ സാഹചര്യമുണ്ടാക്കുമെന്ന വിശ്വസത്തിലാണ് ബിജെപി. നവോത്ഥാന സമരങ്ങളില്‍ മുന്നില്‍ നിന്നിട്ടുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ശ്രമിക്കുന്നതും നേട്ടമാകുമെന്ന് അമിത് ഷായെ സംസ്ഥാന നേതൃത്വം അറിയിച്ചു.
വരുന്ന ലോക്‍സഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഹൈന്ദവ ധ്രുവീകരണമുണ്ടാക്കി വോട്ട് ബങ്ക് ശക്തമാക്കുക എന്ന ലക്ഷ്യമാണ് ബിജെപിക്കുള്ളത്. ഹൈന്ദവ വോട്ടുകളുടെ ഏകീകരണമാണ് ബിജെപിയുടെ മുഖ്യ അജണ്ട എന്നതിനാല്‍ ശബരിമല വിഷയം ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാന്‍ കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് അനുമതിയും നല്‍കി.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കേരളവും തമിഴ്നാടും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പിടിച്ചെടുക്കുമെന്ന് അമിത് ഷാ പറഞ്ഞതിന്റെ പൊരുള്‍ ശബരിമല വിഷയത്തിലും പ്രതിഫലിക്കും.