ശബരിമല വിഷയത്തില്‍ വാദം ഏറ്റെടുക്കില്ലെന്ന് അഭിഷേക് സിംഗ്‌വി; പുതിയ അഭിഭാഷകനെ തേടി ബോർഡ് - ചര്‍ച്ചകള്‍ സജീവം
ശബരിമല സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തിരുവിതാംകൂർ ദേവസ്വംബോര്‍ഡിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാവില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‌വി. കേസില്‍ ഇടപെടല്‍ നടത്താന്‍ താല്‍പ്പര്യമില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.
സിംഗ്‌വി പിന്മാറിയതോടെ പുതിയ അഭിഭാഷകനെ കണ്ടെത്താന്‍ ബോര്‍ഡ് നീക്കമാരംഭിച്ചു. ഇതു സംബന്ധിച്ച് ഡല്‍ഹിയിലുള്ള അഭിഭാഷകരുമായി ചര്‍ച്ചകള്‍ തുടരുകയാണ്.
കേസില്‍ തുടര്‍ നടപടികള്‍ സംബന്ധിച്ചു നിയമോപദേശം തേടേണ്ട സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പുതിയ അഭിഭാഷകനെ ഉടന്‍ കണ്ടെത്തണമെന്ന നിലപാടിലാണ് ബോര്‍ഡ്.
മണ്ഡലകാലത്തിനു മുമ്പു പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണു ബോര്‍ഡ് ആഗ്രഹിക്കുന്നത്. സുപ്രീംകോടതിയില്‍ ശബരിമല വിഷയം വീണ്ടുമെത്തുമ്പോള്‍ പിഴവുകളുണ്ടാകാതിരിക്കാന്‍ കരുതലോടെയാണു നീക്കം.
ശബരിമലയിലെ പ്രതിഷേധം കണക്കിലെടുത്ത് കൊണ്ട് വിധിക്കെതിരെ സമര്‍പ്പിച്ച റിട്ട് ഹര്‍ജികളും റിവ്യൂ ഹര്‍ജികളും നവംബര്‍ 13നാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.