ശബരിമല സ്‌ത്രീപ്രവേശന വിഷയവുമായി സമൂഹമാധ്യമത്തിൽ പ്രതികരിച്ച വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവത്തിൽ വൈക്കത്ത് സിപിഎം – ആർഎസ്എസ് സംഘർഷം. മർദ്ദിച്ച യുവാവിന്റെ വീട്ടിലേക്ക് വിദ്യാർത്ഥിനിക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഎം ജാഥ നടത്തിയിരുന്നു. ഇതു കഴിഞ്ഞു തിരികെ വരുമ്പോഴാണു സിപിഎം-ആർഎസ്എസ് പ്രവർത്തകർ ഏറ്റുമുട്ടിയത്.
സംഘർഷത്തിനിടെ വൈക്കത്തെ ആർ എസ് എസ് കാര്യാലയത്തിനുനേരെ കല്ലേറ് ഉണ്ടായതിൽ പ്രതിഷേധിച്ച് ബിജെപി ബുധനാഴ്ച രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ വൈക്കം താലൂക്കിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പുചെയ്യുന്നുണ്ട്.
സ്‌ത്രീ പ്രവേശനത്തിന് അനുകൂലമായി സോഷ്യൽ മീഡിയയിൽ പോസ്‌റ്റിട്ടതിനാണ് വിദ്യാർത്ഥിനിയെ മർദ്ദിച്ചത്. കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിലെത്തിയ എല്ലാ യുവതികളുടെ വീടുകളും വ്യാപകമായി ആക്രമിച്ചിരുന്നു. ഇത് കൂടാതെയാണ് സുപ്രീം കോടതി വിധിയെ അനുകൂലിച്ച് പോസ്‌റ്റിട്ടതിന്റെ പേരിൽ വിദ്യാർത്ഥിനിക്ക് മർദ്ദനമേറ്റത്.