ശബരിമല; ഇന്ന് നട അടയ്ക്കും, ദേവസ്വം ബോർഡ് അധികൃതർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
തിങ്കള്‍, 22 ഒക്ടോബര്‍ 2018 (09:09 IST)
പ്രായഭേദമന്യേ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി വിശദമായ റിപ്പോർട്ട് കോടതിയിൽ നൽകുന്നതു സംബന്ധിച്ചു സർക്കാരിന്റെ നിലപാട് അറിയാൻ ദേവസ്വം ബോർഡ് അധികൃതർ ഇന്നു മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും.
നിലവിലുള്ള സാഹചര്യം വിശദീകരിക്കുന്ന റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കുന്നതു നിയമപരമായി തിരിച്ചടിയാകുമെന്ന സംശയം കഴിഞ്ഞ ബോർഡ് യോഗത്തിൽ ഉന്നയിക്കപ്പെട്ടിരുന്നു. ഇതേതുടർന്ന് മുതിർന്ന അഭിഭാഷകരുമായി ചേർന്ന് നടത്തിയ ആലോചനയ്ക്ക് ശേഷമാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രിയെ കാണാൻ ദേവസ്വം തീരുമാനിച്ചത്.
അതേസമയം, ഇന്ന് ശബരിമല നട അടയ്ക്കും. നട അടയ്ക്കുമെങ്കിലും ബിജെപിയും സഹസംഘടനകളും സമരം തുടരാനാണ് തീരുമാനം. 23 മുതൽ 30 വരെ പഞ്ചായത്തു തലത്തിൽ ഉപവാസസമരവും നവംബർ 1 മുതൽ 15 വരെ എല്ലാ ജില്ലകളിലും വാഹനജാഥകളും പദയാത്രകളും നടത്തും.