ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്കണമെന്ന നിലപാട് ആവര്‍ത്തിച്ച് ആര്‍ എസ് എസ് കേന്ദ്രനേതൃത്വം വീണ്ടും രംഗത്ത്. എവിടെ പുരുഷന് പ്രവേശനമുണ്ടോ അവിടെ സ്ത്രീക്കും പ്രവേശനം കൊടുക്കണമെന്നതാണ് ആര്‍ എസ് എസിന്റെ പൊതുവായ നിലപാടെന്നും സര്‍കാര്യവാഹും കേന്ദ്രനേതൃത്വത്തിലെ രണ്ടാമനുമായ ഭയ്യാജി ജോഷി അഭിപ്രായപ്പെട്ടു.
രാജ്യത്തെ ഭൂരിപക്ഷം ക്ഷേത്രങ്ങളിലും സ്ത്രീപ്രവേശനം ആകാമെങ്കില്‍ ശബരിമലയുടെ കാര്യത്തില്‍ മറിച്ചൊരു നിലപാട് ആവശ്യമില്ല. ഒരു ആചാരം തെറ്റാണെന്നു തോന്നിയാല്‍ അത് ഉപേക്ഷിക്കണമെന്നും നൂറുകണക്കിനു വര്‍ഷങ്ങളായി തുടരുന്നു എന്നതുകൊണ്ട് ആ ആചാരം ഇനിയും തുടരണം എന്ന നിലപാട് ആര്‍ എസ് എസിന് സ്വീകാര്യമല്ലെന്നും ഭയ്യാജി ജോഷി വ്യക്തമാക്കി.
ശബരിമലയയില്‍ പത്തു വയസ്സിനും അമ്പതു വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്ന് തീരുമാനിച്ചതിന്റെ കാരണങ്ങള്‍ പരിശോധിക്കപ്പെടണം. കാരണങ്ങള്‍ വെളിച്ചത്തു വരണം. അത് ഇപ്പോഴും ആവശ്യമെന്ന് തോന്നുകയാണെങ്കില്‍ ചര്‍ച്ചയാവാമെന്നും അദ്ദേഹം വ്യക്തമാക്കി.