മാവേലിക്കരയില്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്തിയ അജാസിന്റെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. സൗമ്യയെ കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യചെയ്യാനാണ് തീരുമാനിച്ചതെന്ന് അദ്ദേഹം മൊഴി നല്‍കി. സൗമ്യയെ കൊലപ്പെടുത്തിയതില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്തുന്നതിനിടയില്‍ പൊള്ളലേറ്റ അജാസ് ചികില്‍സയിലാണ്.
ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഇയാളുടെ മൊഴി രേഖപ്പെടുത്തിയത്. സൗമ്യയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നുവെന്നും അത് നിഷേധിച്ചതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും മൊഴി നല്‍കിയിട്ടുണ്ട്. ഇന്നലെ രാത്രി 10.30 ഓടെയാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി രേഖപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം ഇയാളുടെ മൊഴി രേഖപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെങ്കിലും ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് നടന്നിരുന്നില്ല.അജാസില്‍നിന്ന് സൗമ്യയ്ക്ക് നേരിടേണ്ടി വന്ന ക്രൂരതകളെകുറിച്ച് ഇന്നലെ അവരുടെ അമ്മ വിശദമാക്കിയിരുന്നു. അജാസ് സൗമ്യയെ ഭീഷണിപ്പെടുത്തുന്നതും മര്‍ദ്ദിക്കുന്നതും പലപ്പോഴായി സംഭവിച്ചിട്ടുണ്ടെന്നാണ് ഇന്ദിര മാധ്യമങ്ങളോട് പറഞ്ഞത്.
വീട്ടിലെത്തിപ്പോഴും അജാസ് ക്രൂരമായി സൗമ്യയെ മര്‍ദ്ദിച്ചിട്ടുണ്ട്. ഒരിക്കല്‍ സൗമ്യയുടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചിട്ടുള്ള അജാസ് മറ്റൊരു സന്ദര്‍ഭത്തില്‍ ഷൂ കൊണ്ട് നടുവില്‍ അടിച്ചിട്ടുണ്ടെന്നും അമ്മ പറയുന്നു. ഇക്കാര്യങ്ങള്‍ സൗമ്യ തന്നെയാണ് തന്നോട് പറഞ്ഞിട്ടുള്ളതെന്നാണ് ഇന്ദിര പവെളിപ്പെടുത്തിയത്.
ഇക്കാര്യങ്ങളൊക്കെ അറിഞ്ഞതിനു പിന്നാലെ താന്‍ അജാസിനെ ഫോണില്‍ വിളിക്കുകയും മകളെ ഇനി വിളിക്കരുതെന്നും ഭര്‍ത്താവും കുട്ടികളുമായി കുടുംബവുമായി കഴിയുന്ന സൗമ്യയെ ഉപദ്രവിക്കരുതെന്നും അഭ്യര്‍ത്ഥിച്ചിരുന്നതായും ഇന്ദിര പറയുന്നുണ്ട്. ശനിയാഴ്ച വൈകിട്ടാണ് സൗമ്യയെ കാറിടിച്ച് വീഴ്ത്തിയതിന് ശേഷം പെട്രോളൊഴിച്ച് കൊലപ്പെടുത്തിയത്.