ഫോണ്‍ എടുക്കാത്തതിന് ഭീഷണി,ഷൂ ഊരി നടുവിന് അടിച്ചു, പെട്രോള്‍ ഒഴിച്ചു;അജാസില്‍ നിന്നും സൗമ്യ നേരിട്ടിരുന്നത് കൊടിയ ഉപദ്രവങ്ങൾ

തിങ്കള്‍, 17 ജൂണ്‍ 2019 (08:27 IST)
കൊല്ലപ്പെട്ട വനിത സിവില്‍ പൊലീസ് ഓഫിസര്‍ സൗമ്യ പ്രതി അജാസില്‍ നിന്നും മുന്‍പും പലവിധത്തിലുള്ള ഉപദ്രവങ്ങള്‍ നേരിട്ടിരുന്നതായി അമ്മ ഇന്ദിര. അജാസ് സൗമ്യയെ ഭീഷണിപ്പെടുത്തുന്നതും മര്‍ദ്ദിക്കുന്നതും പലപ്പോഴായി സംഭവിച്ചിട്ടുണ്ടെന്നാണ് ഇന്ദിര മാധ്യമങ്ങളോട് വ്യക്തമാക്കുന്നത്. വീട്ടിലെത്തിപ്പോഴും അജാസ് ക്രൂരമായി സൗമ്യയെ മര്‍ദ്ദിച്ചിട്ടുണ്ട്. ഒരിക്കല്‍ സൗമ്യയുടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചിട്ടുള്ള അജാസ് മറ്റൊരു സന്ദര്‍ഭത്തില്‍ ഷൂ കൊണ്ട് നടുവില്‍ അടിച്ചിട്ടുണ്ടെന്നും അമ്മ പറയുന്നു. ഇക്കാര്യങ്ങള്‍ സൗമ്യ തന്നെയാണ് തന്നോട് പറഞ്ഞിട്ടുള്ളതെന്നാണ് ഇന്ദിര പറയുന്നത്. ഇക്കാര്യങ്ങളൊക്കെ അറിഞ്ഞതിനു പിന്നാലെ താന്‍ അജാസിനെ ഫോണില്‍ വിളിക്കുകയും മകളെ ഇനി വിളിക്കരുതെന്നും ഭര്‍ത്താവും കുട്ടികളുമായി കുടുംബവുമായി കഴിയുന്ന സൗമ്യയെ ഉപദ്രവിക്കരുതെന്നും അഭ്യര്‍ത്ഥിച്ചിരുന്നതായും ഇന്ദിര പറയുന്നുണ്ട്.
 
സൗമ്യയുടെ മേല്‍ അധികാരഭാവത്തോടെയാണ് അജാസ് പെരുമാറിയിരുന്നതെന്നാണ് ഇന്ദിര പറയുന്നത്. ഡ്യൂട്ടി സമയത്ത് പോലും താന്‍ പറയുന്നതനുസരിച്ച് ഫോണ്‍ ഓഫ് ചെയ്ത് വയ്ക്കണമെന്നായിരുന്നു അജാസിന്റെ നിര്‍ദേശം. ഇത് അനുസരിക്കാത്തതിനു സൗമ്യയെ ഭീഷണിപ്പെടുത്തും. ഇത്തരം ബുദ്ധിമുട്ടുകള്‍ കൂടിയതോടെ അജാസിന്റെ നമ്പര്‍ സൗമ്യ ബ്ലോക് ചെയ്തു. അതോടെ മറ്റു നമ്പരുകളില്‍ നിന്നും വിളിക്കാന്‍ തുടങ്ങി. ഡ്യൂട്ടിക്ക് പോകാന്‍ രാവിലെ ഫോണില്‍ വിളിച്ച് എഴുന്നേല്‍പ്പിച്ചില്ലെന്നു പറഞ്ഞു വരെ സൗമ്യയെ അജാസ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
 
സൗമ്യയും അജാസും തമ്മില്‍ മറ്റൊരു രീതിയിലുള്ള അടുപ്പവും ഉണ്ടായിരുന്നില്ലെന്നാണ് അമ്മ ഇന്ദിര പറയുന്നത്. പരസ്പരം അറിയാവുന്നവരായിരുന്നു. ഒരിക്കല്‍ സൗമ്യ അജാസിന്റെ കൈയില്‍ നിന്നം ഒന്നരലക്ഷം രൂപ കടം വാങ്ങിയിരുന്നുവെന്നും അത് തിരിച്ചു കൊടുക്കാന്‍ എറണാകുളത്ത് താനും മകള്‍ക്കൊപ്പം പോയിരുന്നതാണെന്നും അന്ന് അജാസ് പണം വാങ്ങാന്‍ കൂട്ടാക്കിയില്ലെന്നും ഇന്ദിര പറയുന്നു. താന്‍ സൗമ്യയെ ഉപദ്രവിച്ചതിലുള്ള കുറ്റബോധം കൊണ്ടാണ് വാങ്ങാത്തതെന്നായിരുന്നു അജാസ് പറഞ്ഞത്. അന്ന് തന്നെയും സൗമ്യയേയും എറണാകുളത്തു നിന്നും വീടുവരെ കൊണ്ടു വിട്ടതും അജാസ് ആയിരുന്നുവെന്ന് ഇന്ദിര പറയുന്നു. ഈ പണം പിന്നീട് സൗമ്യ അജാസിന്റെ അകൗണ്ടില്‍ ഇട്ടുകൊടുത്തുവെങ്കിലും അജാസ് അത് തിരിച്ച് സൗമ്യയുടെ അകൗണ്ടിലേക്ക് തന്നെ ഇട്ടുകൊടുക്കുകയായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്നായിരുന്നു അജാസിന്റെ നിര്‍ബന്ധം. അജാസില്‍ നിന്നും പണം വാങ്ങിയതുമായി ബന്ധപ്പെട്ട് സൗമ്യയും ഭര്‍ത്താവ് സജീവനും തമ്മില്‍ തര്‍ക്കം ഉണ്ടായിട്ടുണ്ടെന്നും ഇന്ദിര പറയുന്നു. ഈ പ്രശ്‌നം കുടുംബങ്ങള്‍ ഇടപെട്ട് പരിഹരിക്കാനും ശ്രമം നടന്നിരുന്നു. തനിക്ക് മൂന്നു മക്കള്‍ ഉണ്ടെന്നും ഉപദ്രവിക്കരുതെന്നും സൗമ്യ അജാസിനോട് അപേക്ഷിച്ചിരുന്നുവെങ്കിലും , സജീവ് ഇല്ലാതാകുമ്പോള്‍ നീ ഒറ്റയ്ക്കാണെന്നു പറയുമല്ലോ എന്നായിരുന്നു അജാസിന്റെ ഭീഷണി.
 
 
ഇപ്പോള്‍ എറണാകുളം നോര്‍ത്ത് എസ് ഐ ആയി ജോലി നോക്കുന്ന രാജന്‍ ബാബു വളികുന്നം സ്‌റ്റേഷനിലെ എസ് ഐ ആയിരിക്കുന്ന സമയത്ത് അജാസില്‍ നിന്നും സൗമ്യ നേരിടുന്ന ഉപദ്രവങ്ങള്‍ അദ്ദേഹത്തോട് താന്‍ ഫോണ്‍ വിളിച്ചു പറഞ്ഞിരുന്നതാണെന്ന് ഇന്ദിര പറയുന്നു. ഒരു പരാതിയായി എഴുതിതരാന്‍ എസ് ഐ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്നും കൂടി ഇന്ദിര മാധ്യമങ്ങളോട് പ്രതകരിക്കുമ്പോള്‍ പറയുന്നുണ്ട്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി അജാസായിരിക്കുമെന്ന സൗമ്യ പറഞ്ഞിരുന്നതായും ഇക്കാര്യം പൊലീസിനോട് പറയണമെന്ന് ആവശ്യപ്പെട്ടിരുന്നതായും മകന്‍ വെളിപ്പെടുത്തി. ‘പണത്തിന്റെ കാര്യമാണ് അയാള്‍ പറഞ്ഞത്.’ ഫോണില്‍തന്നെ വിളിക്കരുതെന്ന് സൗമ്യ പറയുന്നത് കേട്ടിരുതെന്നുമാണ് മകന്‍ പറഞ്ഞത്. ശനിയാഴ്ച്ച വൈകിട്ടാണ് സിവില്‍ പൊലീസ് ഉദ്യോഗസ്ഥയായ സൗമ്യയെ പൊലീസ് ഉദ്യോഗസ്ഥനായ അജാസ് വണ്ടിയിടിച്ച് വീഴ്ത്തി കുത്തുകയും പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തുകയും ചെയ്തത്. സൗമ്യയുടെ ഭര്‍ത്താവ് സജീവ് ഇന്ന് ലിബിയയില്‍ നിന്നും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍