സൌമ്യയും അജാസും പരിചയത്തിലാകുന്നത് പരിശീലനവേളയില്‍, സൌമ്യ അകന്നുമാറിയത് അജാസില്‍ പക വളര്‍ത്തി; ഒടുവില്‍ നാടിനെ നടുക്കി അരുംകൊല - കൂടുതല്‍ വിവരങ്ങള്‍

ശനി, 15 ജൂണ്‍ 2019 (20:55 IST)
മാവേലിക്കര വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ സിപി‌ഒ ആയ സൌമ്യ പുഷ്‌പാകരന്‍റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. പ്രതി അജാസുമായി സൌമ്യ പരിചയത്തിലാകുന്നത് തൃശൂര്‍ കെ എ പി ബറ്റാലിയനില്‍ പരിശീലനം നടത്തിയ വേളയിലാണെന്ന് റിപ്പോര്‍ട്ടുകള്‍.
 
സൌമ്യയുടെ ബാച്ചിന്‍റെ പരിശീലനച്ചുമതല അജാസിനായിരുന്നുവെന്നും പിന്നീട് സൌഹൃദം വളരുകയായിരുന്നു എന്നുമാണ് വിവരം. വര്‍ഷങ്ങളോളം നീണ്ടുനിന്ന അടുപ്പം സഹപ്രവര്‍ത്തകരില്‍ ചിലര്‍ക്ക് അറിയാമായിരുന്നുവത്രേ. എന്നാല്‍ സൌമ്യയുടെ വീട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ ഇതേപ്പറ്റി അറിവുണ്ടായിരുന്നില്ല.
 
ബന്ധത്തില്‍ വിള്ളല്‍ വീണതാണ് സൌമ്യയെ കൊലപ്പെടുത്താന്‍ അജാസ് തീരുമാനിക്കാന്‍ കാരണമെന്നാണ് നിഗമനം. എന്നാല്‍ അജാസ് പൊള്ളലേറ്റ് ആശുപത്രിയിലായതിനാല്‍ പൊലീസിന് ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഉടന്‍ തന്നെ സംഭവത്തിന്‍റെ കൃത്യമായ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് സൂചന.
 
ഈ മാസം ഒമ്പത് മുതല്‍ മെഡിക്കല്‍ ലീവില്‍ പ്രവേശിച്ച അജാസ് കൊലപാതകത്തിനായി കൃത്യമായ പദ്ധതികളിടുകയായിരുന്നുവത്രേ. സൌമ്യ ഓഫീസില്‍ പോകുന്നതും വരുന്നതുമെല്ലാം ദിവസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് ശനിയാഴ്ച കൃത്യം നടത്തിയതെന്നാണ് അറിയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍