സുപ്രീംകോടതി വിധി എന്തായാലും അത് നടപ്പിലാക്കേണ്ട ചുമതല സർക്കാരിനുണ്ട്, അത് നടപ്പിലാക്കിയില്ലെങ്കിൽ സർക്കാരിന് നിലനിൽപ്പുണ്ടാകില്ല എന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഈ നിലപാടുതന്നെയാണ് ശബരിമല സ്‌ത്രീപ്രവേശ വിഷയത്തിലും സർക്കാർ എടുത്തിരിക്കുന്നത്. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതും അവർക്ക് ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുന്നതും തടയാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എല്ലാ പ്രായത്തിൽപ്പെട്ട സ്ത്രീകളും മുൻപ് ശബരിമലയിൽ പോയിരുന്നതായി രേഖകളുണ്ട്. ഇതിലൊന്നാണ് ബി.ജെ.പി. മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ തന്ത്രിക്കെഴുതിയ കത്തും അതിന് തന്ത്രി എഴുതിയ മറുപടിയും. പത്തിനും അൻപതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ശബരിമലയിൽ ദർശനം നടത്തുന്നത് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി വിധി 1991-ലാണ് വന്നത്.
ആചാരത്തിന്റെ പേരിൽ സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം തടയുന്ന ഈ വിധി എൽ ഡി എഫിന് സ്വീകാര്യമായിരുന്നില്ല. ഇതിനുശേഷം മൂന്നുതവണ എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വന്നിട്ടും ആ വിധിക്കെതിരെ അപ്പീൽ പോകാതെ വിധി നടപ്പാക്കുകയാണ് ചെയ്തത്. ഒരുതരത്തിലും ഇക്കാര്യത്തിൽ എൽ ഡി എഫ് ഇടപെട്ടിട്ടില്ല.
എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ ആരാധനാ സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് 12 വർഷംമുൻപ് സുപ്രീംകോടതിയെ സമീപിച്ച യങ് ലോയേഴ്സ് അസോസിയേഷൻ പ്രതിനിധികൾ സംഘപരിവാറുമായി ബന്ധമുള്ളവരായിരുന്നു. ഇത്രയും കാലമായിട്ടും കോൺഗ്രസോ ബി.ജെ.പി.യോ കേസിൽ കക്ഷി ചേർന്നിരുന്നില്ല.
കോടതി ആവശ്യപ്പെട്ടതനുസരിച്ച് അന്നത്തെ എൽ ഡി എഫ് സർക്കാർ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ ആവശ്യപ്പെട്ടത് എല്ലാ സ്ത്രീകൾക്കും ക്ഷേത്രപ്രവേശനം അനുവദിക്കണമെമെന്നായിരുന്നു. അതുകൊണ്ടാണ് വിധിക്കെതിരേ സുപ്രീംകോടതിയിൽ സർക്കാർ പുനഃപരിശോധനാ ഹർജി കൊടുക്കാത്തത്.
അതേസമയം ശബരിമലയിൽ എത്തുന്ന എല്ലാ വിശ്വാസികൾക്കും സുരക്ഷയും സൗകരുഅവുമൊരുക്കാൻ സർക്കാരും ദേവസ്വം ബോർഡും ബാധ്യസ്ഥരാണ്. ദക്ഷിണേന്ത്യയിലെ പല ക്ഷേത്രങ്ങളിലും ചെയ്യുന്നതുപോലെ ശബരിമലയിലും ദർശനത്തിനെത്തുന്നവർക്ക് ഓൺലൈൻ സൗകര്യം ഏർപ്പെടുത്തുമെന്നും ശബരിമലയിൽ ഉൾക്കൊള്ളാൻ കഴിയുന്നവരെ മാത്രമേ ഓരോദിവസവും അനുവദിക്കൂ. അല്ലാത്തവർക്ക് ബേസ് ക്യാമ്പിൽ വിശ്രമിക്കാം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശബരിമല വിഷയത്തെക്കുറിച്ചുള്ള നിലപാട് വിശദീകരിക്കാൻ എൽ ഡി എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം കന്റോൺമെന്റ് മൈതാനിയിൽ നടന്ന ‘മഹാസംഗമം’ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.