പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജം; സ്ഥിരീകരണം

നിഹാരിക കെ.എസ്

ഞായര്‍, 11 മെയ് 2025 (10:55 IST)
ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായിരുന്ന ഇമ്രാൻ ഖാൻ ജുഡീഷ്യൽ കസ്റ്റഡിയിൽ മരണപ്പെട്ടുവെന്ന വാർത്ത വ്യാജമെന്ന് പാകിസ്ഥാൻ. ഇമ്രാൻ ഖാൻറെ മരണ വാർത്ത വ്യാജമാണെന്നും ആളുകൾ തെറ്റായ പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും പാക് വാർത്താവിനിമയ മന്ത്രാലയം വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. 
 
ഇമ്രാൻ ഖാൻ മരണപ്പെട്ടതായുള്ള കത്തിനെ കുറിച്ച് പാകിസ്ഥാൻ അന്വേഷണം ആരംഭിച്ചു. പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയത് എന്ന അവകാശവാദത്തോടെ ശനിയാഴ്ച പാക് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ച ഒരു പ്രസ്‌താവനയിലാണ് ഇമ്രാൻ ഖാൻ മരണപ്പെട്ടതായി പറയുന്നത്. ഇമ്രാൻ ഖാനെ ഐഎസ്ഐ വധിക്കുകയായിരുന്നു എന്ന തരത്തിലുള്ള അനേകം എക്‌സ് പോസ്റ്റുകളും ഇതിനൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നു. 
 
ഇമ്രാൻ ഖാൻ ജയിലിൽ വച്ച് ലൈംഗിക പീഡനത്തിനിരയായതായി മറ്റൊരു വ്യാജ പ്രചാരണവും അടുത്തിടെ പാക് സാമൂഹ്യ മാധ്യമങ്ങളിലുണ്ടായിരുന്നു. പാക് മുൻ പ്രധാനമന്ത്രിയും തെഹ്‍രീക് ഇ ഇൻസാഫ് പാർട്ടി സ്ഥാപകനുമായ ഇമ്രാൻ ഖാൻറെ മോചനം ആവശ്യപ്പെട്ട് അദേഹത്തിൻറെ പാർട്ടി വെള്ളിയാഴ്‌ച ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ദീർഘകാലമായുള്ള തടങ്കൽ ഇമ്രാൻറെ ആരോഗ്യത്തെ ബാധിച്ചതായും, ഇന്ത്യയുമായുള്ള അതിർത്തി പ്രശ്നം കാരണത്താൽ അദേഹത്തിൻറെ ജീവന് ഭീഷണിയുണ്ട് എന്നും അവകാശപ്പെട്ടായിരുന്നു കോടതിയെ പാർട്ടി സമീപിച്ചത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍