പാകിസ്താനിലെ സംഘർഷം, ചാമ്പ്യൻസ് ട്രോഫി ഹൈബ്രിഡാക്കണമെന്ന് ഐസിസി?

അഭിറാം മനോഹർ

വ്യാഴം, 28 നവം‌ബര്‍ 2024 (11:57 IST)
പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും പിടിഐ പാര്‍ട്ടി ചെയര്‍മാനുമായ ഇമ്രാന്‍ ഖാന്റെ ജയില്‍മോചനത്തിനായുള്ള പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലില്‍ നടത്തണമെന്ന ആവശ്യവുമായി ഐസിസി മുന്നോട്ട് വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ ഇന്ത്യയുടേതടക്കം എല്ലാ മത്സരങ്ങളും പാകിസ്താനില്‍ തന്നെ നടത്തണമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാകിസ്താനില്‍ സംഘര്‍ഷങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങളും സെമി- ഫൈനല്‍ മത്സരങ്ങളും പാകിസ്താന് വെളിയില്‍ നടത്തണമെന്ന ആവശ്യം ഐസിസി ഉന്നയിക്കുമെന്നാണ് റിപ്പോര്‍ട്ട്.
 
 നേരത്തെ ചാമ്പ്യന്‍സ് ട്രോഫിയ്ക്കായി പാകിസ്ഥാനിലേക്ക് ടീമിനെ അയക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ടൂര്‍ണമെന്റ് നടത്തിപ്പ് തന്നെ അനിശ്ചിതത്വത്തിലായിരുന്നു. ഐസിസിയില്‍ ശക്തമായ സ്വാധീനമുള്ളതും ക്രിക്കറ്റിലെ വന്‍ ശക്തിയുമായ ഇന്ത്യയെ ഒഴിവാക്കി മത്സരങ്ങള്‍ നടത്താന്‍ ഐസിസിക്കും താത്പര്യമില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് പാകിസ്താനില്‍ സംഘര്‍ഷങ്ങള്‍ വ്യാപകമായത്. ലാഹോര്‍, റാവല്‍പിണ്ഡി, കറാച്ചി എന്നിവിടങ്ങളിലായിട്ടായിരുന്നു ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. പാകിസ്താനില്‍ ഇതുവരെ നടന്ന സംഘര്‍ഷങ്ങളിലായി 1,000ത്തോളം പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇസ്ലാമാബാദിലെ സംഘര്‍ഷങ്ങളില്‍ വെടിവെയ്പ് നടന്നതായി റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്യുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍