ബന്ധു നിയമന വിവാദത്തിൽപെട്ട് മന്ത്രി ഇ പി ജയരാജൻ രാജി വെച്ചപ്പോൾ ട്രോളർമാർ അടക്കം പലരും തിരഞ്ഞൊരു മുഖമുണ്ടായിരുന്നു. മുമ്പ് ജയരാജൻ പുറത്താക്കിയ അഞ്ജു ബോബി ജോർജ് ആയിരുന്നു ആ വ്യക്തി. ട്രോളർമാരുടെ ഇടയിൽ അഞ്ജുവിനും ലഭിച്ചു ഒരു സ്ഥാനം. അഞ്ജു മനമുരുകി പ്രാർത്ഥിച്ചത് കൊണ്ടാണ് ജയരാജന് പണി കിട്ടിയതെന്ന് സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. അഞ്ജു പ്രാർത്ഥിച്ച പള്ളിയേതെന്ന് പലരും അന്വേഷിച്ചു.
എന്നാൽ, ട്രോളർമാർക്കൊരു സന്തോഷ വാർത്ത. പള്ളിയേതെന്ന് ഓർത്ത് വിഷമിക്കണ്ട. അഞ്ജു തന്നെ ഇക്കാര്യം വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇടവക പള്ളിയായ കോട്ടയത്തെ പുതുപ്പള്ളി പള്ളിയിലാണ് താൻ പോകുന്നതെന്ന് അഞ്ജു മംഗളത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. ബന്ധുനിയമന വിവാദത്തിൽ പെട്ട് ജയരാജൻ രാജിവെക്കേണ്ടി വന്ന വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും ഈ സാഹചര്യത്തിൽ അദ്ദേഹത്തെ കുത്തിമുറിവേൽപ്പിക്കുന്നത് ശരിയല്ലെന്നും അഞ്ജു വ്യക്തമാക്കി.
സ്പോർട്സ് കൗൺസിലിൽ അനധികൃത നിയമനം നടത്തിയെന്ന പേരിൽ അഞ്ജുവിനെ അവഹേളിച്ച് പുറത്താക്കിയ മന്ത്രിക്ക് പെൺശാപമാണ് എറ്റെതെന്നും സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. അഴിമതി ആരോപണത്തിന്റെ പേരിലാണ് ജയരാജന്റെ രാജി എന്നത് ഇനിയുള്ള ദിവസങ്ങളിൽ പാർട്ടിക്ക് തലവേദന സൃഷ്ടിക്കും.