ദേശീയപണിമുടക്ക്: പരപ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയെ പൂട്ടിയിട്ടു, കണ്ണൂരില്‍ അധ്യാപകരുടെ കാറിന്റെ കാറ്റഴിച്ചുവിട്ടു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 9 ജൂലൈ 2025 (13:26 IST)
ദേശീയപണിമുടക്ക് കേരളത്തില്‍ പൂര്‍ണമായ സാഹചര്യമാണ്. സ്‌കൂളുകളിലും സംഘര്‍ഷം ഉണ്ടായി. കണ്ണൂര്‍ ശ്രീകണ്ഠപുരം നഗരസഭയിലെ ജിഎച്ച്എസ്എസില്‍ ജോലിക്ക് എത്തിയ അധ്യാപകരുടെ വാഹനങ്ങളുടെ കാറ്റ് സമരാനുകൂലികള്‍ അഴിച്ചുവിട്ടു. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. അധ്യാപകര്‍ സ്‌കൂളില്‍ തന്നെ തുടരുകയാണ്. കുട്ടികള്‍ ഇല്ലാത്തതിനാല്‍ ക്ലാസ് നടക്കുന്നില്ല. വെള്ളരിക്കുണ്ട് പരപ്പ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപികയെ സമരാനുകൂലികള്‍ പൂട്ടിയിട്ടു.
 
രാവിലെ 10 മണിയോടെ എത്തിയ ഇടത് നേതാക്കളാണ് അധ്യാപിക സിജിയെ ഓഫീസില്‍ പൂട്ടിയിട്ടത്. പോലീസ് എത്തിയാണ് വാതില്‍ തുറന്നത്. സംഭവത്തില്‍ പരാതി നല്‍കുമെന്ന് അധ്യാപിക പറയുന്നു. ദേശീയ പണിമുടക്ക് കേരളത്തില്‍ ബന്ദിന് സമാനമായി. സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസ്സുകളുടെ സര്‍വീസ് നിര്‍ത്തിവച്ചതോടെ സാധാരണ കാര്‍ ബുദ്ധിമുട്ടിലായി. വാഹനങ്ങള്‍ ലഭിക്കാതായതോടെ പ്രധാന ബസ്റ്റാന്‍ഡുകളിലെല്ലാം യാത്രക്കാര്‍ ബുദ്ധിമുട്ടിലായി. പോലീസ് സംരക്ഷണം ഇല്ലാത്തതിനാല്‍ ബസ് എടുക്കാന്‍ സാധിക്കില്ലെന്നും പോലീസ് സംരക്ഷണം നല്‍കിയാല്‍ സര്‍വീസ് നടത്താമെന്നും ബസ് ജീവനക്കാര്‍ പറയുന്നു.
 
അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്നവര്‍ റെയില്‍വേ സ്റ്റേഷനില്‍ വാഹനം കിട്ടാതെ കുടുങ്ങിക്കിടക്കുകയാണ്. അത്യാവശ്യ സേവനമേഖലയായിട്ടും ഇവര്‍ക്ക് മെഡിക്കല്‍ കോളേജില്‍ എത്താനായിട്ടില്ല. മെഡിക്കല്‍ കോളേജില്‍ നിന്ന് തന്നെ വാഹനം എത്തിക്കാനാണ് ശ്രമിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍