ഓണം ബംപര്‍ ഭാഗ്യശാലിയെ കണ്ടെത്തി കേരളം. ദുബായിലെ ഒരു റസ്‌റ്റോറന്റില്‍ അടുക്കളയില്‍ സഹായിയായി ജോലി ചെയ്യുന്ന സെയ്തലവിക്കാണ് ലോട്ടറി അടിച്ചതെന്നാണ് അവകാശവാദം. വയനാട് പനമരം സ്വദേശിയാണ് ഇയാള്‍. തനിക്കാണ് ഓണം ബംപര്‍ അടിച്ചിരിക്കുന്നതെന്ന് സെയ്തലവി വെളിപ്പെടുത്തി. ഇന്നലെ ഉച്ച കഴിഞ്ഞാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്നും സെയ്തലവി പറയുന്നു. മനോരമ ന്യൂസിനോടായിരുന്നു സെയ്തലവിയുടെ പ്രതികരണം.
കഴിഞ്ഞ ദിവസമാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപര്‍ നറുക്കെടുപ്പ് നടന്നത്. മീനാക്ഷി ലോട്ടറീസിന്റെ തൃപ്പൂണിത്തുറയിലെ ഷോപ്പില്‍ നിന്നും വില്‍പ്പന നടത്തിയ ടി ഇ 645465 എന്ന ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം. ദുബായിയിലുള്ള സെയ്തലവി സുഹൃത്ത് വഴിയാണ് ഈ ടിക്കറ്റ് എടുത്തതെന്ന് പറയുന്നു.
ഗൂഗിള്‍ പേ വഴി നാട്ടിലുള്ള അഹമ്മദ് എന്നു പേരായ സുഹൃത്തിന് സെയ്തലവി പൈസ അയച്ചുകൊടുക്കും. ഈ പൈസ കൊണ്ട് ലോട്ടറി എടുത്ത ശേഷം ലോട്ടറി നമ്പര്‍ സെയ്തലവിക്ക് അയക്കും. ലോട്ടറിയുടെ ചിത്രസഹിതമാണ് സുഹൃത്ത് അഹമ്മദ് സെയ്തലവിക്ക് അയച്ചുകൊടുക്കുക. ഓണം ബംപര്‍ നറുക്കെടുപ്പിന് ശേഷം അഹമ്മദ് തന്നെയാണ് സെയ്തലവിയെ വിളിച്ച് സമ്മാനം അടിച്ച കാര്യം അറിയിച്ചത്.
സെയ്തലവിയുടെ സുഹൃത്ത് അഹമ്മദ് ഇപ്പോള്‍ പാലക്കാടാണ് ഉള്ളതെന്നാണ് വിവരം. സെയ്തലവിയുടെ മകന്‍ ടിക്കറ്റ് നേരിട്ട് കണ്ടു ബോധ്യപ്പെട്ടു. മകനും ബന്ധുക്കളും ടിക്കറ്റുമായി ലോട്ടറി ഏജന്‍സിയിലെത്തുമെന്നാണ് സെയ്തലവി പറയുന്നത്.
ബംപര്‍ അടിച്ചെങ്കിലും ദുബായിലെ ജോലി ഉപേക്ഷിക്കില്ലെന്ന് സെയ്തലവി പറയുന്നു. ആറ് വര്‍ഷമായി സെയ്തലവി ദുബായിലെ റസ്റ്റോറന്റില്‍ ജോലി ചെയ്യുകയാണ്. ഭാര്യയും രണ്ട് മക്കളും പനമരത്ത് വാടക ക്വാര്‍ട്ടേഴ്സിലാണ് താമസം. ലോട്ടറി അടിച്ച പണം കൊണ്ട് ആദ്യം സ്വന്തമായി ഒരു വീട് വയ്ക്കാനാണ് സെയ്തലവി ആഗ്രഹിക്കുന്നത്.