യുവാക്കള്‍ സമൂഹമാധ്യമങ്ങള്‍ മാത്രം നോക്കിയതിന്റെ ദുരന്തം പാര്‍ട്ടിക്കുണ്ടായി, സമൂഹമാധ്യമങ്ങളിലെ പല ഗ്രൂപ്പുകളും വിലയ്ക്ക് വാങ്ങപ്പെടുന്നു: എം വി ജയരാജന്‍
പോരാളി ഷാജി ഉള്‍പ്പെടെയുള്ള ഇടതുപക്ഷ അനുകൂല സമൂഹമാധ്യമ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും ലോകസഭാ തിരെഞ്ഞെടുപ്പില്‍ കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന എം വി ജയരാജന്‍. സമൂഹമാധ്യമങ്ങളില്‍ ഇടതുപക്ഷമെന്ന് തോന്നുന്ന പല ഗ്രൂപ്പുകളും വിലയ്ക്ക് വാങ്ങപ്പെട്ടതായി എം വി ജയരാജന്‍ പറഞ്ഞു.
കണ്ണൂര്‍ ലോകസഭാ മണ്ഡലത്തില്‍ 1,08,982 വോട്ടുകള്‍ക്കാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനോട് എം വി ജയരാജന്‍ പരാജയപ്പെട്ടത്. ഇടത് കോട്ടകളിലടക്കം കോണ്‍ഗ്രസ് ഉണ്ടാക്കിയ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിലാണ് ജയരാജന്റെ പ്രതികരണം. സമൂഹമാധ്യമങ്ങള്‍ മാത്രം നോക്കി നില്‍ക്കുന്ന ഒരു ശീലം നമ്മുടെ ചെറുപ്പക്കാര്‍ക്കിടയില്‍ വ്യാപകമാണ്. ഇതിന്റെ ദുരന്തം ഈ തിരെഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനെതിരെ ചിന്തിക്കാന്‍ ഇടയാക്കി. ഇടതിപക്ഷമെന്ന് നമ്മള്‍ സമൂഹമാധ്യങ്ങളില്‍ കരുതുന്ന പല ഗ്രൂപ്പുകളെയും വിലയ്ക്ക് വാങ്ങിയിരിക്കുന്നുവെന്ന് പാര്‍ട്ടി പ്രവര്‍ത്തകരും ഇടതുപക്ഷ പ്രസ്ഥാനത്തോട് കൂറുള്ളവരും മനസിലാക്കണം.
പോരാളി ഷാജി,ചെങ്കോട്ട്,ചെങ്കതിര്‍ ഇതിലെല്ലാം നിത്യേന ഇടതുപക്ഷ അനുകൂല പോസ്റ്റുകള്‍ കാണുമ്പോള്‍ നാം അതിനെ ആശ്രയിക്കും. എന്നാല്‍ ഇപ്പോഴത്തെ പ്രവണത അത്തരം ഗ്രൂപ്പുകളെ വിലയ്ക്കുവാങ്ങുന്നതാണ്. അവരെ വിലയ്ക്ക് വാങ്ങികഴിഞ്ഞാല്‍ അഡ്മിന്‍ നേരത്തെ നടത്തിയത് പോലുള്ള കാര്യമല്ല പോസ്റ്റുകളായി വരുന്നത്. ഇടതുപക്ഷ വിരുദ്ധ,സിപിഎം വിരുദ്ധ പോസ്റ്റുകളാണ് വരുന്നത്. ഇത് പുതിയ കാലത്ത് നാം നേരിടുന്ന വെല്ലുവിളിയാണ്. ജയരാജന്‍ പറഞ്ഞു.