രണ്ടാമൂഴം സിനിമയാകണമെന്ന് നിര്‍ബന്ധമില്ല, വേറെ സംവിധായകന്‍ വന്നാല്‍ ചര്‍ച്ച നടത്തും: എം ടി

Webdunia
വ്യാഴം, 11 ഒക്‌ടോബര്‍ 2018 (18:01 IST)
‘രണ്ടാമൂഴം’ സിനിമയാകണമെന്ന് തനിക്ക് നിര്‍ബന്ധമില്ലെന്ന് എം ടി വാസുദേവന്‍ നായര്‍. സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായി വഴക്കിട്ട് പിരിയുകയൊന്നുമല്ലെന്നും വേറെ ആരെങ്കിലും സിനിമയാക്കണമെന്ന ആവശ്യവുമായി വന്നാല്‍ അവരുമായി ചര്‍ച്ച നടത്തുമെന്നും എം ടി വ്യക്തമാക്കി.
 
മനോരമ ന്യൂസിനോട് സംസാരിക്കവേയാണ് എം ടി നിലപാട് അറിയിച്ചത്. രണ്ടാമൂഴം സിനിമയാക്കാന്‍ മറ്റാര്‍ക്കും അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ ആരെങ്കിലും സമീപിച്ചാല്‍ അവരുമായി ചര്‍ച്ച നടത്തും. 
 
എല്ലാ കഥകളും തിരക്കഥകളും സിനിമയാകണമെന്നില്ല. 55 എഡിഷന്‍ പൂര്‍ത്തിയാക്കിയ ഒരു നോവലാണ് രണ്ടാമൂഴം. അതുകൊണ്ടിത് സിനിമയാകണമെന്ന് നിര്‍ബന്ധമില്ല. വായനയിലൂടെ ആളുകളിലേക്ക് എത്തിയ ഒരു കഥയാണിത്.
 
ഈ സിനിമ എന്നുവരും എന്ന ആള്‍ക്കാരുടെ ചോദ്യത്തോട് മറുപടി നല്‍കി മടുത്തു. മൂന്ന് വര്‍ഷമായിരുന്നു നല്‍കിയ കാലാവധി. ഒരു വര്‍ഷം കൂടി സംവിധായകന്‍റെ ആവശ്യപ്രകാരം നീട്ടിനല്‍കി. എന്നിട്ടും സിനിമയായില്ല. അദ്ദേഹം മറ്റെന്തോ തിരക്കിലാണ് - എം ടി പറയുന്നു.
 
കാലാവധി പൂര്‍ത്തിയായിട്ടും രണ്ടാമൂഴം സിനിമയാക്കാന്‍ കഴിയാത്തത് ബന്ധപ്പെട്ടവര്‍ക്ക് തല്‍പ്പര്യമില്ലാത്തതിനാലാണെന്നാണ് എം ടിയുടെ നിഗമനം.

അനുബന്ധ വാര്‍ത്തകള്‍

Next Article