ടി.പി.ആര്‍. എട്ടിന് താഴെയാണോ? തദ്ദേശ സ്ഥാപനങ്ങളില്‍ ഇളവുകള്‍ ഇതെല്ലാം

Webdunia
ബുധന്‍, 16 ജൂണ്‍ 2021 (11:13 IST)
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടില്‍ താഴെയുള്ള തദ്ദേശസ്ഥാപനങ്ങളിലാണ് ജൂണ്‍ 17 മുതല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചിട്ടുള്ളത്. ഇവിടങ്ങളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമല്ല എല്ലാ കടകളും തുറക്കാന്‍ അനുമതിയുണ്ട്. ഏഴ് മുതല്‍ ഏഴ് വരെയാണ് എല്ലാ കടകളും തുറന്നുപ്രവര്‍ത്തിക്കാനുള്ള അനുമതി. എന്നാല്‍, പകുതി ജീവനക്കാരെ മാത്രമേ ഉള്‍ക്കൊള്ളിക്കാവൂ. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും 50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം.

ടി.പി.ആര്‍. എട്ടില്‍ കുറവുള്ള തദ്ദേശസ്ഥാപനങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് ഓടാം. സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താനും അനുമതിയുണ്ട്. ബാങ്കുകളുടെ പ്രവര്‍ത്തനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രമായിരിക്കും. വിവാഹങ്ങള്‍ക്കും മരണാനന്തരച്ചടങ്ങുകള്‍ക്കും നിലവിലുള്ളതുപോലെ 20 പേര്‍മാത്രം. പൊതുപരിപാടികള്‍ അനുവദിക്കില്ല. ആരാധനാലയങ്ങളില്‍ വിശ്വാസികള്‍ക്ക് പ്രവേശനമില്ല. 

തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചാണ് ഇനി സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. എന്നാല്‍, എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും അവശ്യവസ്തുക്കളുടെ കടകള്‍ ദിവസവും രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെ തുറക്കാന്‍ അനുമതിയുണ്ട്. വ്യാവസായിക, കാര്‍ഷിക മേഖലകളിലെ പ്രവര്‍ത്തനങ്ങളും അനുവദിക്കും. ഈ മേഖലകളില്‍ തൊഴിലാളികള്‍ക്ക് ഗതാഗതവും അനുവദിക്കും. 

യാത്ര ചെയ്യാന്‍ സത്യവാങ്മൂലം ഇനിയും ആവശ്യമുണ്ടോ എന്ന സംശയം പലര്‍ക്കുമുണ്ട്. ജൂണ്‍ 17 മുതല്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് ഓടാന്‍ അനുമതിയുണ്ട്. എന്നാല്‍, മിതമായ രീതിയില്‍ ആയിരിക്കും പൊതുഗതാഗതം. ദീര്‍ഘദൂര കെഎസ്ആര്‍ടിസി സര്‍വീസ് നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ട്. അത് കൂടാതെയുള്ള കെഎസ്ആര്‍ടിസി സര്‍വീസുകളും മിതമായ നിരക്കില്‍ നാളെ മുതല്‍ ഉണ്ടാകും. എന്നാല്‍, അന്തര്‍ജില്ലാ യാത്രയ്ക്ക് സത്യവാങ്മൂലം ആവശ്യമുണ്ട്. ടാക്‌സിയും ഓട്ടോയും നിബന്ധനങ്ങളോടെ ഓടുമെങ്കിലും അന്തര്‍ജില്ലാ സര്‍വീസ് ഇല്ല. 

ജൂണ്‍ 17 മുതല്‍ നിലവിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരും. ടി.പി.ആര്‍. എട്ടില്‍ താഴെ ഉള്ള തദ്ദേശ സ്ഥാപനങ്ങളില്‍ നിയന്ത്രണങ്ങളില്‍ വലിയ ഇളവുണ്ടാകും. എന്നാല്‍, 147 തദ്ദേശ സ്ഥാപനങ്ങളില്‍ മാത്രമാണ് ടി.പി.ആര്‍. എട്ടില്‍ കുറവുള്ളത്. 
 
ടി.പി.ആര്‍. 8-20 വരെ ഉള്ള തദ്ദേശ സ്ഥാപനങ്ങളാണ് രണ്ടാം ബ്ലോക്ക്. ഭാഗിക ലോക്ക്ഡൗണ്‍ ആയിരിക്കും ഇവിടങ്ങളില്‍ ഏര്‍പ്പെടുത്തുക. 716 തദ്ദേശ സ്ഥാപനങ്ങളാണ് ടി.പി.ആര്‍. എട്ട് മുതല്‍ 20 വരെ ഉള്ളത്. 
 
ടി.പി.ആര്‍. 20 മുതല്‍ 30 വരെ ഉള്ള തദ്ദേശ സ്ഥാപനങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും. 146 തദ്ദേശ സ്ഥാപനങ്ങളാണ് ഇതിന്റെ പരിധിയില്‍വരുന്നത്. 
 
ടി.പി.ആര്‍. മുപ്പതിന് മുകളില്‍ ഉള്ള 25 തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആയിരിക്കും. ഇവ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയിരിക്കും. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article