60 ലേറെ പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് 18 കാരിയുടെ വെളിപ്പെടുത്തല്‍; അഞ്ച് പേര്‍ അറസ്റ്റില്‍

രേണുക വേണു

ശനി, 11 ജനുവരി 2025 (06:29 IST)
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 18 കാരി. കായികതാരമായിരുന്ന തന്നെ അഞ്ച് വര്‍ഷത്തിനിടെ അറുപതിലേറെ പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി ജില്ലാ ശിശുക്ഷേമ സമിതിക്കു മുന്നില്‍ വെളിപ്പെടുത്തി. പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അഞ്ച് പ്രതികള്‍ അറസ്റ്റിലായി. 
 
പത്തനംതിട്ട പ്രക്കാനം വലിയവട്ടം പുതുവല്‍തുണ്ടിയില്‍ വീട്ടില്‍ സുബിന്‍ (24), സന്ദീപ് ഭവനത്തില്‍ എസ്. സന്ദീപ് (30), കുറ്റിയില്‍ വീട്ടില്‍ വി.കെ.വിനീത് (30), കൊച്ചുപറമ്പില്‍ കെ.അനന്ദു (21), ചെമ്പില്ലാത്തറയില്‍ വീട്ടില്‍ സുധി(ശ്രീനി-24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. റാന്നി കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. നാല്‍പതോളം പേര്‍ക്കെതിരെ പൊലീസ് പോക്‌സോ കേസെടുത്തു. 
 
13 വയസ്സുള്ളപ്പോള്‍ മുതല്‍ താന്‍ പീഡനത്തിനു ഇരയായെന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. കുട്ടിക്കു 13 വയസ്സുള്ള സമയത്ത് സുഹൃത്താണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് ഇയാളുടെ സുഹൃത്തുക്കള്‍ ദുരുപയോഗം ചെയ്തു. ഇരയുടെ നഗ്നചിത്രങ്ങള്‍ പ്രതികളില്‍ ചിലര്‍ കൈവശപ്പെടുത്തി. വിദ്യാര്‍ഥിനി ഇപ്പോള്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ്. മഹിളാ സമഖ്യ പദ്ധതി പ്രവര്‍ത്തകരോടാണ് പെണ്‍കുട്ടി ആദ്യം പ്രശ്‌നങ്ങള്‍ തുറന്നുപറഞ്ഞത്. ചൂഷണത്തിനിരയായ കാര്യങ്ങള്‍ ജില്ലാ ശിശുക്ഷേമ സമിതിക്കു മുന്നില്‍ വെളിപ്പെടുത്താന്‍ തയ്യാറായതോടെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 
 
പ്രതികളില്‍ ചിലര്‍ക്കെതിരെ എസ്സി-എസ്ടി അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം കേസ് ചുമത്താനും സാധ്യതയുണ്ട്. പ്രാഥമിക പരിശോധനയില്‍ തന്നെ 62 പ്രതികളുണ്ടെന്നാണു സൂചന. ഇലവുംതിട്ട പൊലീസ് സ്റ്റേഷനില്‍ മാത്രം നാല്‍പതോളം പേര്‍ക്കെതിരെയും പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ ഏതാനും പേര്‍ക്കെതിരെയും കേസെടുത്തു. പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന ഫോണ്‍ രേഖകളില്‍ നിന്നാണ് നാല്‍പതോളം പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍