മോഷണം എതിര്‍ത്താല്‍ ആക്രമണം, വ്യായാമം കുണ്ടന്നൂര്‍ പാലത്തിനടിയില്‍; കുറുവ സംഘത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

രേണുക വേണു
തിങ്കള്‍, 18 നവം‌ബര്‍ 2024 (09:14 IST)
വ്യായാമത്തിനു വലിയ പ്രധാന്യം നല്‍കുന്നവരാണ് കുറുവ സംഘം. മോഷണത്തെ എതിര്‍ക്കുന്നവരെ വേണ്ടിവന്നാല്‍ ആക്രമിക്കാനും ഏതു സാഹചര്യത്തിലും പിടിക്കപ്പെടാതെ കടന്നുകളയാനും ഇവര്‍ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. കുറുവ സംഘത്തിലുള്ളവര്‍ കുണ്ടന്നൂര്‍ പാലത്തിനടിയില്‍ വ്യായാമം ചെയ്യുന്നതിന്റെ വീഡിയോ പൊലീസിനു ലഭിച്ചു. ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ ഇവര്‍ കണിശക്കാരാണെന്നും പൊലീസ് പറയുന്നു. 
 
തമിഴ്‌നാട്ടില്‍ വലിയ വീടുകളും സൗകര്യങ്ങളും ഉള്ള ഇവര്‍ മോഷണം മാത്രം ലക്ഷ്യമിട്ടാണ് കേരളത്തിലേക്ക് എത്തുന്നത്. കേരളത്തിലെത്തിയാല്‍ ഏതെങ്കിലും വഴിവക്കില്‍ ആയിരിക്കും താമസിക്കുക. കഴിഞ്ഞ ഡിസംബര്‍ 31 ന് പുതുവര്‍ഷം ആഘോഷിക്കാനെത്തിയ സംഘം കുടുംബസമേതം ആലപ്പുഴ ബീച്ചിലും മറ്റും എത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. സൗത്ത് പൊലീസ് സ്റ്റേഷനു സമീപം കനാല്‍ക്കരയില്‍ സ്ഥാപിച്ച 'ഐ ലവ് ആലപ്പുഴ' എന്ന ബോര്‍ഡിനടുത്തു നിന്നു മുന്‍പു സന്തോഷ് ശെല്‍വം ചിത്രം പകര്‍ത്തി വാട്‌സ്ആപ്പില്‍ ഡിപി ആക്കിയിരുന്നു. പാലായിലെ മോഷണത്തിനു പിടിക്കപ്പെട്ടപ്പോള്‍ ഇതു സന്തോഷിന്റെ ഫോണില്‍ കണ്ടെത്തി.
 
സന്തോഷ് ശെല്‍വം തന്നെയാണു മണ്ണഞ്ചേരിയില്‍ മോഷണം നടത്തിയതെന്ന് ഉറപ്പിക്കാന്‍ പൊലീസ് അയാളെ വീണ്ടും മോഷണസമയത്തെ വസ്ത്രങ്ങള്‍ ധരിപ്പിച്ചു പരിശോധിച്ചു. ഒക്ടോബര്‍ 29ന് മണ്ണഞ്ചേരി നേതാജി ജംക്ഷനു സമീപം മോഷണശ്രമം നടന്ന വീട്ടിലാണ് ഇതിനായി പൊലീസ് സന്തോഷിനെ എത്തിച്ചത്. മോഷണസമയത്തു ധരിച്ച രീതിയില്‍ വസ്ത്രം ധരിപ്പിച്ചു വീട്ടുകാരെ കാണിച്ച് ഉറപ്പു വരുത്തി. 

അനുബന്ധ വാര്‍ത്തകള്‍

Next Article