കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടി വോട്ടുകള്‍, കോണ്‍ഗ്രസ് വോട്ടുകളും പിടിക്കും; പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

രേണുക വേണു
തിങ്കള്‍, 18 നവം‌ബര്‍ 2024 (07:55 IST)
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ വലിയ മുന്നേറ്റം ഇത്തവണ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉണ്ടാകുമെന്ന് സ്ഥാനാര്‍ഥി പി.സരിന്‍. 70,000 വോട്ടുകള്‍ എല്‍ഡിഎഫ് പിടിക്കുമെന്നാണ് സരിന്റെ പ്രതീക്ഷ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ ഇരട്ടി വോട്ട് ഇടതുപക്ഷത്തിനു ലഭിക്കുമെന്നും സരിന്‍ പറഞ്ഞു. 
 
' കോണ്‍ഗ്രസ് വോട്ടുകളും എല്‍ഡിഎഫിന് ലഭിക്കും. അത് കോണ്‍ഗ്രസില്‍ നിന്ന് ചോരുന്ന വോട്ടുകളാണെന്ന് വിശേഷിപ്പിക്കാന്‍ താല്‍പര്യമില്ല. മറിച്ച് പാലക്കാടിന്റെ വികസനത്തിനു വേണ്ടി അവര്‍ മനസ്സറിഞ്ഞു നല്‍കുന്ന വോട്ടായിരിക്കും അത്. കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടി, ഏതാണ്ട് എഴുപതിനായിരം വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിക്കുമെന്നാണ് പ്രതീക്ഷ,' സരിന്‍ പറഞ്ഞു. 
 
2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തായിരുന്നു. 35,622 വോട്ടുകളാണ് സിപിഎം സ്ഥാനാര്‍ഥി സി.പി.പ്രമോദിനു ലഭിച്ചത്. ഒന്നാം സ്ഥാനത്ത് എത്തിയ ഷാഫി പറമ്പിലിനു 53,080 വോട്ടുകള്‍ ലഭിച്ചിരുന്നു. ബിജെപിയുടെ ഇ.ശ്രീധരന്‍ 49,155 വോട്ടുകള്‍ പിടിച്ച് രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article