കൊല്ലം കുണ്ടറയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ജിത്തു ജോബിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മൃതദേഹം വെട്ടിമുറിച്ചതല്ലെന്നും കത്തിച്ചശേഷം അടർത്തി മാറ്റിയതാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടന്ന പോസ്റ്റ്മോർട്ടത്തിൽ പതിനാലുകാരന്റെ അസ്ഥികളടക്കം ശരീരഭാഗങ്ങൾ നന്നായി കത്തിച്ചിരുന്നതായും വ്യക്തമായി.
അതേസമയം, കൊലപാതകത്തിന് പിന്നിൽ നനിക്ക് മാത്രമെ പങ്കുള്ളുവെന്ന് ജിത്തുവിന്റെ അമ്മ ജയമോള്‍ പൊലീസിനോട് വ്യക്തമാക്കി. കൊലപാതകം നടത്തിയ ശേഷം മൃതശരീരം വെട്ടിമുറിക്കാനോ കത്തിക്കാനോ ജയമോൾക്ക് ഒറ്റയ്ക്ക് കഴിയില്ലെന്ന നിഗമനത്തിലാണ് പൊലീസ്. അതിനാല്‍ ഈ വാക്കുകൾ പൊലീസ് മുഖവിലയ്ക്ക് എടുത്തില്ല.
ജയമോളെ കൂടാതെ മറ്റാര്‍ക്കെങ്കിലും കൊലപാതകത്തില്‍ പങ്കുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. അമ്മയും മകനും തമ്മിലുണ്ടായ തർക്കമാണോ കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് സംശയിക്കുന്നു.
കുണ്ടറയിലെ സ്വാകാര്യ സ്കൂളിലെ വിദ്യാർഥിയായ ജിത്തുവിനെ തിങ്കളാഴ്ച മുതലാണ് കാണാതായത്. രാത്രി എട്ടരയോടെ പഠനാവശ്യത്തിനു സ്കെയിൽ വാങ്ങാൻ പുറത്തുപോയശേഷം കാണാനില്ലെന്നു വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.