എല്ലാ സ്ത്രീകള്‍ക്കും വേണ്ടി അസഭ്യ-അശ്ലീല ഭാഷാ പണ്ഡിതന്മാരോട് യുദ്ധം പ്രഖ്യാപിക്കുന്നുവെന്ന് ഹണി റോസ്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 6 ജനുവരി 2025 (14:28 IST)
എല്ലാ സ്ത്രീകള്‍ക്കും വേണ്ടി അശ്ലീല അസഭ്യ ഭാഷ പണ്ഡിതന്മാരോട് യുദ്ധം പ്രഖ്യാപിക്കുന്നുവെന്ന് നടി ഹണി റോസ്. ഫേസ്ബുക്കില്‍ ആണ് ഹണി റോസി ഇക്കാര്യം കുറിച്ചത്. നിയമമനുവദിക്കാത്ത ഒരു വസ്ത്രവും താന്‍ ധരിച്ചിട്ടില്ലെന്നും ഒരു അഭിനയത്രി എന്ന നിലയില്‍ എന്നെ വിളിക്കുന്ന ചടങ്ങുകള്‍ക്ക് പോകുന്നത് എന്റെ ജോലിയുടെ ഭാഗമാണെന്നും നടി പറഞ്ഞു. ഓരോരുത്തരും അവരവരുടെ ചിന്തകള്‍ അനുസരിച്ച് സ്വയം നിയമസംഹിതകള്‍ സൃഷ്ടിക്കുന്നതില്‍ ഞാന്‍ ഉത്തരവാദിയല്ലെന്നും ഹണി റോസ് പറഞ്ഞു. 
 
എന്റെ വസ്ത്രധാരണത്തെക്കുറിച്ചോ എന്നെക്കുറിച്ചോ ക്രിയാത്മകമായ വിമര്‍ശനവും തമാശയും ഉണ്ടാക്കുന്നതില്‍ എനിക്ക് വിരോധമില്ല. പരാതിയില്ല. പക്ഷേ അത്തരം പരാമര്‍ശങ്ങള്‍ക്ക് ഒരു അതിരു വേണമെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും താരം വ്യക്തമാക്കി. 
 
'അതിനാല്‍ എന്റെ നേരെയുള്ള വിമര്‍ശനങ്ങളില്‍ അസഭ്യ -അശ്ലീല പരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ ഭാരതീയ ന്യായ സംഹിതയനുസരിച്ച് സ്ത്രീക്ക് തരുന്ന എല്ലാ സംരക്ഷണ സാധ്യതകളും പഠിച്ച് ഞാന്‍ നിങ്ങള്‍ക്ക് നേരെ വരും. ഒരിക്കല്‍ കൂടി പറയുന്നു. സാമൂഹ്യ മാധ്യമങ്ങളിലെ അസഭ്യ- അശ്ലീല ഭാഷാ പണ്ഡിത മാന്യന്മാരെ നിങ്ങളോട് ഇതേ അവസ്ഥയില്‍ കടന്നുപോകുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ഹണി റോസ് എന്ന ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു'.- നടി കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍